കൊയിലാണ്ടി: ഉച്ച ഭക്ഷണം വിഭവ സമൃദ്ധവും, പോഷക സമ്പന്നവുമാക്കാൻ ആന്തട്ട ഗവ.യു.പി.സ്കൂളിൽ പ്രത്യേക പദ്ധതി തയ്യാറാക്കി. ഗ്രാൻഡ് ഫുഡ് എന്ന പേരിൽ തയ്യാറാക്കിയ പദ്ധതി പ്രകാരം ചിക്കൻ കറി, പായസം, പഴവർഗങ്ങൾ തുടങ്ങിയവ വ്യത്യസ്ഥ ദിവസങ്ങളിലായി നൽകും. സ്പോൺസർമാരുടെ സഹായത്തോടെയാണ് ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കുന്നത്.
ഗ്രാൻഡ് ഫുഡിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് കുട്ടികൾക്ക് ഭക്ഷണം വിളമ്പിക്കൊടുത്തു കൊണ്ട് നിർവഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ എം.ജി. ബൽരാജ്, പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ് , എസ്.എസ്.ജി. ചെയർമാൻ എം.കെ. വേലായുധൻ, എസ്.എം.സി ചെയർമാൻ മധു കിഴക്കയിൽ , ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.