ആലുവ കേസ്: ‘പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ നല്‍കണം, എങ്കിലെ ഞങ്ങളുടെ കുട്ടിക്ക് നീതി ലഭിക്കൂ’: മാതാപിതാക്കള്‍

news image
Nov 4, 2023, 9:48 am GMT+0000 payyolionline.in

കൊച്ചി: പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ തന്നെ നല്‍കണമെന്ന് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുതതിയ കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് മാതാപിതാക്കളുടെ പ്രതികരണം. കേസില്‍ നവംബര്‍ ഒന്‍പതിനായിരിക്കും ശിക്ഷ വിധിക്കുക. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കിയാലെ തന്‍റെ കുട്ടിക്ക് നീതി ലഭിക്കുകയുള്ളുവെന്നും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതില്‍ നന്ദിയുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

ഇതുവരെ എല്ലാ പിന്തുണയും നല്‍കിയ കേരള സര്‍ക്കാരിനും പൊലീസിനും മറ്റെല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. ഒപ്പം നിന്നവരോട് നന്ദിയും കടപ്പാടും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. എന്റെ കുഞ്ഞിനെ ജീവനോടെ വിട്ടിരുന്നുവെങ്കിൽ മാറി ചിന്തിച്ചേനെ. കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുന്നത് വരെ പോരാടുമെന്നും മാതാവ് പറഞ്ഞു.

അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയതിനൊപ്പം പ്രതിയുടെ മാനസിക പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതി കുറ്റക്കാരനെന്ന് വിധിച്ച ശേഷമാണ് പ്രതിഭാഗം മാനസിക നില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. സമാനതകളില്ലാത്ത ക്രൂരതയാണെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും വാദിച്ച പ്രൊസിക്യൂഷൻ പ്രതിക്ക് യാതൊരു മാനസിക പ്രശ്നവും ഇല്ലെന്നും പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe