തിരുവനന്തപുരം : ഇടഞ്ഞ് നിൽക്കുന്ന ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാൻ ഒടുവിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. തുറന്ന് പറച്ചിലുകൾക്കും നേതാക്കൾക്കെതിരായ പരസ്യ വിമര്‍ശനവും അടക്കമുള്ള വിവാദങ്ങൾക്കിടെ ശോഭ സുരേന്ദ്രന് ബിജെപി സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ലാ പ്രഭാരിയുടെ ചുമതല നൽകി. പാർട്ടിയിൽ ചുമതല നൽകാതെ അവഗണിക്കുന്നുവെന്ന ശോഭയുടെ പരസ്യ വിമർശനങ്ങൾക്കിടെയാണ് സുരേന്ദ്രന്റെ ഭാഗത്ത് നിന്നും ഒരു അനുനയന നീക്കം. നേരത്തെ ജില്ലയുടെ ചുമതല ഉണ്ടായിരുന്ന കെ ശ്രീകാന്തിന് കണ്ണൂരിന്റെ ചുമതല നൽകി. എം ടി രമേശിനാണ് ഉത്തര മേഖല ചുമതല. വിവിധ ജില്ലകളുടെ ചുമതല നേതാക്കൾക്ക് നൽകി സംസ്ഥാന അധ്യക്ഷനാണ് തീരുമാനം എടുത്തത്.
പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി തുടർച്ചയായി പരസ്യ പ്രസ്താവന നടത്തുന്ന ശോഭാ സുരേന്ദ്രൻ, സംസ്ഥാന നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കുന്നുവെന്നടക്കമുള്ള പരാതി നേരത്തെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ശോഭക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം. എഐ ക്യാമറ വിവാദത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന രീതിയിൽ പ്രതികരിച്ചു, സംസ്ഥാന സമിതിയിലും ഭിന്നിപ്പിന് ശ്രമിച്ചു എന്നീ കാര്യങ്ങളാണ് പരാതിയായി സുരേന്ദ്രൻ ഉന്നയിച്ചത്.
‘ബിജെപി എന്റെ കൂടി പാർട്ടിയാണ്. വഴിയിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് തട്ടി നീക്കി മുന്നോട്ടു പോകും. ട്രൗസർ ഇട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ ഒരു വിഭാഗം പ്രചരണം നടത്തുകയാണെന്നുമായിരുന്നു ശോഭയുടെ പ്രതികരണം. ഈ വാക്ക് പോരുകൾക്ക് പിന്നാലെയാണ് കേന്ദ്ര ഇടപെടലുണ്ടായതെന്നാണ് സൂചന. ശോഭയെ അനുനയിപ്പിച്ച് മുന്നോട്ട് പോകാൻ നിലവിൽ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്.