അട്ടപ്പാടി മധുകേസ്; പ്രതികൾ നൽകിയ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി മെയ് അഞ്ചിലേക്ക് മാറ്റി

news image
Apr 25, 2023, 10:39 am GMT+0000 payyolionline.in

കൊച്ചി: അട്ടപ്പാടി മധുകേസിൽ ശിക്ഷിക്കപ്പെട്ട 13 പ്രതികൾ നൽകിയ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി മേയ് അഞ്ചിലേക്ക് മാറ്റി. കേസിൽ 16 പ്രതികളിൽ പതിമൂന്ന് പ്രതികൾക്കും ഏഴ് വർഷം കഠിന തടവാണ് മണ്ണാർക്കാട് എസ് സി / എസ് ടി കോടതി വിധിച്ചത്. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേർക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്.

ഒന്നാം പ്രതി ഹുസൈന് 1,05,000 രൂപയും മറ്റു പ്രതികൾക്ക് 1,18, 000 രൂപയും പിഴ അടയ്ക്കാൻ കോടതി ഉത്തരവിട്ടു. പിഴത്തുക പകുതി മധുവിന്റെ അമ്മയ്ക്ക് നൽകണമെന്നുമായിരുന്നു കോടതിവിധി. 16ാം പ്രതി മുനീറിന് മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇയാൾക്കെതിരെ ബലപ്രയോഗം നടത്തിയെന്ന കുറ്റമാണ് ചുമത്തിയത്. മറ്റ് പ്രതികളുടേതിന് സമാനമായി നരഹത്യ കുറ്റം ഇയാൾക്കെതിരെ ചുമത്തിയിരുന്നില്ല.

കൂറ് മാറിയ സാക്ഷികൾക്ക് എതിരെ നടപടിക്കും കോടതി നിർദേശം നൽകിയിരുന്നു. കേസിൽ 24 സാക്ഷികളാണ് കൂറുമാറിയത്. ഉണ്ണികൃഷ്ണൻ, ചന്ദ്രൻ, അനിൽകുമാർ, ആനന്ദന്, മെഹറുന്നീസ, മയ്യൻ, മുരുകൻ, മരുതൻ, സൈതലവി, സുനിൽകുമാർ, മനാഫ്, രഞ്ജിത്,  മണികണ്ഠൻ, അനൂപ്‌, അബ്ദുൽ ലത്തീഫ് തുടങ്ങിയവരാണ് കൂറുമാറിയ സാക്ഷികൾ. കൂറുമാറിയ സാക്ഷികളിൽ ആറ് പേർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. അതിൽ തീർപ്പ് വരുന്ന മുറയ്ക്ക് കൂറ് മാറ്റത്തിനു നടപടി തുടങ്ങണം എന്നും കോടതി ഉത്തരവിട്ടു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe