അകലാപ്പുഴയിൽ ബോട്ട് സർവ്വീസ് പുനരാരംഭിക്കാൻ നടപടി;  പോർട്ട് ഓഫീസർ സന്ദർശിച്ചു

news image
Oct 23, 2022, 5:33 am GMT+0000 payyolionline.in

പയ്യോളി : സുരക്ഷാ നടപടിയുടെ ഭാഗമായി നിർത്തിവെച്ച അകലാപ്പുഴയിലെ ബോട്ട് സർവ്വീസ് പുനരാരംഭിക്കാനുള്ള നടപടിയായി. ഇന്നലെ അകലാപ്പുഴയും ബോട്ട്ജെട്ടിയും സന്ദർശിച്ച ബേപ്പൂർ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വിനി പ്രതാപ് , ഇറിഗേഷൻ ഇ.ഇ ഷാലു സുധാകരൻ എന്നിവർ പരിശോധനാ റിപ്പോർട്ട് കോഴിക്കോട് ജില്ലാ കലക്ടർക്ക് സമർപ്പിച്ചു. മറ്റ് തീരങ്ങളെ അപേക്ഷിച്ച് ഏറ്റവും സുരക്ഷയുളള ജെട്ടിയാണ് ഇവിടെ നിർമ്മിച്ചതെന്നും ടൂറിസത്തിന് ഏറെ സാധ്യതയുളള പ്രദേശമാണിതെന്നും മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാവുന്നതോടെ ബോട്ട് സർവ്വീസ് തുടങ്ങാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പോർട്ട് ഓഫീസർ പറഞ്ഞു.

അകലാപ്പുഴയിൽ ബോട്ട് സർവ്വീസ് പുനരാരംഭികുന്നതിന്റെ ഭാഗമായി ബേപ്പൂർ പോർട്ട് ഓഫീസറും ഉദ്യോഗസ്ഥരും തിക്കോടി പഞ്ചായത്ത് അധികാരികളും തമ്മിൽ ശിക്കാര ബോട്ടിലിരുന്നു ചർച്ച നടത്തുന്നു

അകലാപ്പുഴയിൽ സപ്റ്റംബർ 25 നുണ്ടായ തോണിയപകടത്തിൽ യുവാവ് മരിച്ചതിനെ തുടർന്നാണ് ബോട്ട് സർവ്വീസ് നിർത്തി വെക്കാനുള്ള തീരുമാനമുണ്ടായത്.ബോട്ട് സർവ്വീസ് പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഉടമകൾക്ക് നിശ്ചിത കാലത്തേക്ക് ലീസിന് നൽകാനുള്ള തീരുമാനമുണ്ടാകുമെന്നും ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബോട്ടുടമകൾ നിർമ്മിച്ച ബോട്ട്ജെട്ടികൾ തിക്കോടി ഗ്രാമ പഞ്ചായത്തിന് വിട്ടു നൽകിയിരുന്നു.

ബോട്ടുടമകളായ 11 പേരാണ് ജെട്ടി പഞ്ചായത്തിന് വിട്ടു നൽകിയ സമ്മതപത്രം നൽകിയത്.
വാർഫ് സുപ്പർവൈസർ ജിനോയ് , ഇറിഗേഷൻ എ എക്സ് ഇ അജിത, എ.ഇ രജ്ജിത്ത് എന്നിവരാണ് അകലാപ്പുഴയും ബോട്ട്ജെട്ടിയും സന്ദർശിച്ചത്. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി , സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആർ. വിശ്വൻ,വാർഡ് മെമ്പർ സൗജത്ത്, സെക്രട്ടറി രാജേഷ് ശങ്കർ എന്നിവരോടൊത്ത് പോർട്ട് ഓഫീസറും ഇറിഗേഷൻ ഇ.ഇ യും മറ്റ് ഉദ്യോഗസ്ഥരും വിശദമായി സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe