സായിദ് ചാരിറ്റി മാരത്തൺ കോഴിക്കോട്; ഇന്ത്യ വേദിയാകുന്നത് ആദ്യം

news image
Jul 7, 2023, 10:38 am GMT+0000 payyolionline.in

 

തിരുവനന്തപുരം > യുഎഇയുടെ സ്ഥാപക പിതാവ്‌ പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്‌മരണാർഥം നടത്തുന്ന ഷെയ്ഖ് സായിദ് ചാരിറ്റി മാരത്തണിന്റെ 2023 പതിപ്പ് കേരളത്തിൽ നടത്താൻ ധാരണ. യുഎഇ, ഈജിപ്‌ത്‌, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നടന്ന മാരത്തൺ ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. മലയാളികളും യുഎഇയും തമ്മിലുള്ള ഊഷ്മള ബന്ധമാണ് മാരത്തണിന്റെ സംഘാടകർ കേരളത്തെ തെരഞ്ഞെടുക്കാൻ പ്രധാന കാരണം.

ലോകമെമ്പാടും സ്‌നേഹവും സമാധാനവും പ്രോത്സാഹിപ്പിക്കാനുള്ള യുഎഇ-യുടെ കാഴ്ചപ്പാടാണ് മാരത്തണിനുപിന്നിൽ. ജീവകാരുണ്യ സംരംഭങ്ങളെ, പ്രത്യേകിച്ച് ആരോഗ്യ പരിപാലന മേഖലയെ പിന്തുണയ്‌ക്കാനുള്ള ഷെയ്ഖ് സായിദിന്റെ പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം പരിപാടിയുടെ ആതിഥേയ നഗരമായി കോഴിക്കോടിനെ തെരഞ്ഞെടുത്തു. മറൈൻ ഗ്രൗണ്ട് പ്രധാന വേദിയാക്കി മാനാഞ്ചിറ വഴിയുള്ള അഞ്ചു കിലോമീറ്റർ റോഡാണ് ചാരിറ്റി റണ്ണിനുള്ള റൂട്ടായി ആസൂത്രണം ചെയ്തിരിക്കുന്നത്.  ടൂറിസം മന്ത്രി ചെയർമാനും കായികമന്ത്രി കോ-ചെയർമാനുമായി സംഘാടക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാമാണ് ജനറൽ കൺവീനർ. മുൻ സംസ്ഥാന പൊലിസ് മേധാവി ജേക്കബ് പുന്നൂസ് ചെയർമാനായുള്ള വർക്കിങ്‌ കമ്മിറ്റിക്കും യോഗം അംഗീകാരം നൽകി.

കേരളത്തിനകത്തും പുറത്തുമുള്ള 18 വയസ്‌ പൂർത്തിയായ ഇരുപതിനായിരത്തോളം പേരെയാണ് പങ്കെടുപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഡിസംബറിൽ പരിപാടി സംഘടിപ്പിക്കാനാണ് ലക്ഷ്യം. വലിയ തോതിലുള്ള ബഹുജന പങ്കാളിത്തം ഉറപ്പാക്കുകവഴി ആഗോള കായിക ഭൂപടത്തിൽ സ്ഥാനം ഉയർത്താനും ലോക വിനോദസഞ്ചാര ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കാനും കഴിയും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe