കോഴിക്കോട് : രാജ്യസഭാ നോമിനേറ്റഡ് അംഗം ഡോ .പി. ടി ഉഷ എംപിയുടെ പ്രാദേശിക വികസന ഫണ്ടുവഴിയുള്ള (എംപിലാഡ്സ് ) കോഴിക്കോട് ജില്ലയിലെ മുഴുവൻ പ്രവർത്തികൾക്കും ഭരണാനുമതി ലഭിച്ചു . ഒൻപത് പ്രവർത്തികൾക്കാണ് ചുരുങ്ങിയ കാലത്തിനിടയിൽ ഭരണാനുമതി ലഭിച്ചിരിക്കുന്നത് . പ്രാദേശിക വികസന ഫണ്ടിൽ നിന്നും 1,12,00,000 ഒരു കോടി പന്ത്രണ്ടു ലക്ഷം രൂപയുടെ പ്രവർത്തികളാണ് ഇതിനോടകം ജില്ലയിൽ മാത്രം ഭരണാനുമതിയായത് . അത്തോളി, കൂത്താളി, നരിപ്പറ്റ, തിക്കോടി പഞ്ചായത്തുകളിലും വടകര കൊടുവള്ളി, പയ്യോളി നഗരസഭകളുമാണ് എംപിയുടെ വികസന പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചത്.
ഇന്നലെ പയ്യോളി നഗരസഭയുടെ പ്രവർത്തികൂടെ അനുമതി ലഭിച്ചതോടെയാണ് ജില്ലയിലെ പ്രവൃത്തികൾ മുഴുവൻ ഭരണാനുമതിയായത് . പ്രാദേശിക വികസന ഫണ്ടുവഴിയുള്ള പ്രവൃത്തികളിൽ കൊടുവള്ളി നഗരസഭയിലെ ചെമ്പറ്റമല ശ്മശാനം റോഡ് നിർമാണ പ്രവർത്തി പൂർത്തിയായി ജനങ്ങൾക്കായി സമർപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലക്ക് പുറമെ വയനാട്, മലപ്പുറം , പാലക്കാട് (അട്ടപ്പാടി ), പത്തനംതിട്ട , ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് മറ്റു പ്രവർത്തികള് നടന്നുകൊണ്ടിരിക്കുന്നത്. പദ്ധതികളുടെ വേഗതക്ക് ആക്കം കൂടിയ ജില്ലാ ഭരണകൂടത്തിന്റെയും , കോഴിക്കോട് ജില്ലാ പ്ലാനിങ് ഓഫീസിൻ്റെ പ്രവർത്തനവും തികച്ചും അഭിനന്ദനാർഹമാണെന്നു പി.ടി. ഉഷ എംപി പറഞ്ഞു.