സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. തിങ്കളാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ സ്‌പെയിനാണ് എതിരാളികള്‍. ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം. ഇന്നലെ അറ്റ്‌ലാന്റയില്‍ കണ്ടത് മധുരപ്രതികാരത്തിന്റെ നേര്‍ക്കാഴ്ചയാണ്.
കാല്‍പ്പന്ത് പുസ്തകത്തിലെ ചോരപ്പുരണ്ട ആറാം അധ്യായമായിരുന്നു അത്. പതിറ്റാണ്ടുകളുടെ കനല്‍ എരിയുന്ന കാല്‍പ്പന്ത് ലോകത്തെ ഏറ്റവും വലിയ കുടിപ്പകയുടെ നേര്‍ച്ചിത്രം. അറ്റ്‌ലാന്റയിലെ പുല്‍മൈതാനത്ത് കണ്ടത് യുദ്ധഭൂമിയിലെ പ്രതികാരത്തിന്റെ പ്രകമ്പനം. 1966ല്‍ ഇംഗ്ലണ്ടിന്റെ മണ്ണില്‍ അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ അന്റോണിയോ റാറ്റിന്‍ തലതാഴ്ത്തി പുറത്തേക്ക് മടങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയ വൈരമാണിത്.
അന്റോണിയോ റാറ്റിന്റെ വേര്‍പാടില്‍ ക്യാപ്റ്റന്‍സ് ആംബാന്‍ഡിന്മേല്‍ കറുത്ത തുണി ചുറ്റി മെസ്സിയും സംഘവും ഈജിപ്തിനെതിരെ കളിക്കാനിറങ്ങിയപ്പോള്‍ മുതല്‍ മനസില്‍ കുറിച്ചിട്ടതാണ്. അറ്റ്‌ലാന്റയിലെ പുല്‍മൈതാനത്ത് വിജയക്കൊടി പാറിക്കണമെന്നത്. ഒരു ജനതയുടെ അഭിമാനത്തിന്മേല്‍ ഇംഗ്ലണ്ട് തൊടുത്ത പ്രഹരത്തിന് മറുപടി നല്‍കണമെന്നത്. ഇംഗ്ലണ്ട് അടിച്ച ആദ്യ അടിയില്‍ പിന്നില്‍ പോയെങ്കിലും വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. ഇംഗ്ലീഷ് പടയുടെ നെഞ്ചകം തകര്‍ത്ത രണ്ട് ഗോളുകള്‍ അടിച്ച് അര്‍ജന്റീന മധുരപ്രതികാരം വീട്ടി.
ഇംഗ്ലണ്ട്- അര്‍ജന്റീന പോരാട്ടങ്ങള്‍ക്ക് എക്കാലത്തും യുദ്ധത്തിന്റെ മുഖമാണ്. 1986ല്‍ ഫോക്ലന്‍ഡ് യുദ്ധത്തിന്റെ ഇരമ്പലില്‍ ജന്മനാടിന്റെ മുറിവുകള്‍ക്ക് മരുന്നിടാന്‍ ഡീഗോ മറഡോണ അവതരിച്ചു. 1998ല്‍ റെഡ് കാര്‍ഡ് കണ്ട് മൈതാനം വിട്ട് ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാം ആ കണക്കെല്ലാം 2002ല്‍ തീര്‍ത്തു.
ഇന്നിതാ ബെക്കാമിനെ ഗാലറിയില്‍ സാക്ഷിയാക്കി അര്‍ജന്റീനയുടെ സംഹാര താണ്ഡവം. 86ല്‍ പ്രതികാരം വീട്ടിയത് ദൈവത്തിന്റെ കൈയിലൂടെയെങ്കില്‍ 2026ല്‍ അത് മിശിഹയയുടെ കാലുകളിലൂടെയാണ്. അന്റോണിയോ റാറ്റിന്‍ എന്ന വിഖ്യാത പത്താം നമ്പറുകാരന്‍ വിടവാങ്ങിയ ആഴ്ചയില്‍ തന്നെ, മറ്റൊരു പത്താം നമ്പറുകാരന്റെ അസിസ്റ്റ്കളിലൂടെ ഫൈനലിലേക്ക് നീലപ്പട മാര്‍ച്ച് ചെയ്‌തെങ്കില്‍, ഇത് റാറ്റിന് വേണ്ടിയുള്ള വിജയമാണ്. മധുര പ്രതികാരത്തിന്റെ കഥയാണ്.
