കോഴിക്കോട്: ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ റെയ്ഡ് കർശനമാക്കിയതോടെ വൻ മയക്കുമരുന്ന് മാഫിയയുടെ സാന്നിധ്യം പൊലീസിന് ബോധ്യപ്പെട്ടു. വിദ്യാർത്ഥികളും യുവാക്കളും ലഹരിക്കടത്തിന്റെ കാരിയർമാരായി മാറുന്ന സാഹചര്യത്തിൽ സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ ഡ്രൈവുകൾ കൂടുതൽ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജിയുടെ നിർദ്ദേശ പ്രകാരം സിറ്റി പൊലീസ് കഴിഞ്ഞയാഴ്ച എട്ടിടങ്ങളിൽ നടത്തിയ വ്യാപകമായ പരിശോധനയിൽ ഒറ്റ രാത്രികൊണ്ട് 58 പേരെയാണ് പിടികൂടിയത്. ആയിരത്തിലധികം വാഹനങ്ങൾ പരിശോധിച്ച ഈ സ്പെഷ്യൽ ഡ്രൈവിൽ 57 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയുണ്ടായി. ഇതോടൊപ്പം മദ്യപിച്ച് വാഹനമോടിച്ച 19 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകൾ വഴിയാണ് പ്രധാനമായും ലഹരിമരുന്ന് ഒഴുകിയെത്തുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം ബസുകളിലെ പരിശോധനയും ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച മാത്രം ഇത്തരത്തിലുള്ള 59 ബസുകൾ പൊലീസ് പരിശോധിച്ചു. ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ വഴി ബ്രൗൺഷുഗർ ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കൾ എത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കുന്ന സംഘങ്ങളും സജീവമാണ്. ഇത് തടയാനായി അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോം സ്റ്റേകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണം കടുപ്പിച്ചു. കൂടാതെ മുൻ ക്രിമിനൽ പശ്ചാത്തലമുള്ളവരും കാപ്പ, റൗഡി ലിസ്റ്റുകളിൽ ഉൾപ്പെട്ടവരും ലഹരി ഇടപാടുകളുടെ ഭാഗമാകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് റൗഡി ലിസ്റ്റിലുള്ളവരുടെ വീടുകൾ കേന്ദ്രീകരിച്ചും റെയ്ഡുകൾ തുടരുകയാണ്.
