ഡൽഹി: കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർണ്ണായക ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നു. രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും നടത്തുന്ന ചർച്ചകൾക്ക് ശേഷം ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുടെയും കെപിസിസി ഭാരവാഹികളുടെയും അഭിപ്രായം രാഹുൽ ഗാന്ധി കഴിഞ്ഞദിവസം നേരിട്ട് കേട്ടിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേരിനാണ് നിലവിൽ മുൻതൂക്കമെങ്കിലും വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ കേന്ദ്രീകരിച്ചും ചർച്ചകൾ സജീവമാണ്. സംസ്ഥാനത്തെ ജനവികാരം കൂടി പരിഗണിക്കണമെന്ന് ചില നേതാക്കൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോണിയ ഗാന്ധിയുടെ കൂടി അഭിപ്രായം തേടിയ ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. തീരുമാനം നീണ്ടുപോകുന്നത് പ്രവർത്തകരിലും പൊതുജനങ്ങളിലും നിരാശയുണ്ടാക്കുന്ന സാഹചര്യത്തിൽ ഇനിയും വൈകിക്കരുതെന്ന് കേരള നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
