പയ്യന്നൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാരുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്നാണ് സമിതിയിലെ ഭൂരിഭാഗം അംഗങ്ങളുടെയും വിലയിരുത്തലെന്ന് വിദഗ്ധ സമിതി അംഗമായ ജില്ലാ ഗവണ്മെന്റ് പ്ലീഡർ അഡ്വ കെ അജിത് കുമാർ. പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണത്തിലാണ് അജിത്കുമാറിന്റെ പ്രതികരണം. കുഞ്ഞിനു ആറു മണിക്കൂറോളം സമയം ചികിത്സയൊന്നും നൽകിയിരുന്നില്ല. അപ്പോൾ വലിയ ബ്ലീഡിങ്ങില്ലെന്ന് വ്യക്തമാണ്. ഇത്ര ചെറിയ പരിക്കിന് ജനറൽ അനസ്തീഷ്യ വേണ്ടെന്ന നിഗമനത്തിലാണ് സമിതി എത്തിയത്. ആവശ്യമില്ലാത്ത ട്രീറ്റമെന്റിനാണ് ഡോക്ടർമാർ ശുപാർശ ചെയ്തത്. ജനറൽ അനസ്തീഷ്യ കാരണം അപകടം ഉണ്ടായാൽ അതിനെ മറികടക്കാൻ ഉള്ള സൗകര്യം ആ ആശുപത്രിയിൽ വേണമായിരുന്നു. ആ സൗകര്യം ഇല്ലാത്തത് കൊണ്ടാണല്ലോ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയത്. അങ്ങനെ സൗകര്യമില്ലാത്ത ആശുപത്രിയിൽ ഇങ്ങനെ ഒരു അനസ്തീഷ്യ കൊടുക്കേണ്ട കാര്യമുണ്ടോയെന്നും ജില്ലാ ഗവണ്മെന്റ് പ്ലീഡർ അഡ്വ കെ അജിത് കുമാർ പ്രതികരിച്ചു.
ആശുപത്രിയിൽ ഈ സൗകര്യമില്ലെന്നു കണ്ടെത്തിയെന്നും ജില്ലാ ഗവണ്മെന്റ് പ്ലീഡർ അഡ്വ കെ അജിത് കുമാർ വിശദമാക്കി. ആറു മണിക്കൂറാകുമ്പോളേക്കും മുറിവ് സുഖപ്പെട്ടു തുടങ്ങുമെന്ന് വ്യക്തമായിരിക്കെ ആ ചെറിയ മുറിവിന് പ്ലാസ്റ്റിക് സർജറി ചെയ്യേണ്ടതില്ല. അനസ്തീഷ്യ നൽകി ചികിത്സിക്കാൻ മറ്റു ചില താല്പര്യങ്ങൾ ഉണ്ടോയെന്നു സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ലെന്നും ഇങ്ങനെ ഒരു ചികിത്സ പ്രോട്ടോകോൾ ഡോക്ടർമാർക്ക് ആരാണോ കൊടുത്തത് അവരെ കൂടി കണ്ടെത്തണം. രണ്ടു ദിവസത്തിനകം റിപ്പോർട്ട് പൊലീസിന് കൈമാറുമെന്നും ജില്ലാ ഗവണ്മെന്റ് പ്ലീഡർ അഡ്വ കെ അജിത് കുമാർ വിശദമാക്കി.
