വർക്കല: തിരുവനന്തപുരം വർക്കലയിൽ വിവാഹ തലേന്ന് വധുവിന്റെ വീട്ടിലുണ്ടായ കയ്യാങ്കളിയിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. വർക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. സംഭവുമായി ബന്ധപ്പെട്ട് അയൽവാസികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിൻ , ശ്യം, മനു എന്നിവരുൾപ്പെട്ട നാലുപേരെയാണ് വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹ തലേദിവസമായ ഇന്നലെ രാത്രി ഏകദേശം ഒരു മണിയോടുകൂടി പെൺകുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു സഹോദരൻ ജിജിൻ എന്നിവരുൾപ്പെട്ട നാലംഗ സംഘമാണ് വിവാഹ വീട്ടിൽ എത്തി ബഹളം വെച്ചത് .
ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വർക്കല പൊലീസ് പറയുന്നത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.