എ.ഐ വിഡിയോ കാൾ ചെയ്ത് പണം തട്ടൽ: പിന്നിൽ വൻ സംഘമെന്ന് സംശയം

news image
Jul 18, 2023, 8:36 am GMT+0000 payyolionline.in

കോഴിക്കോട്: നിർമിത ബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജൻസ്-എ.ഐ) സാങ്കേതിക സഹായത്തോടെ വ്യാജ വിഡിയോ കാൾ ചെയ്ത് പണം തട്ടിയതിനുപിന്നിൽ വൻസംഘമെന്ന് സംശയിക്കുന്നതായി പൊലീസ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു കേസ് രജിസ്റ്റർ ചെയ്യുന്നതെങ്കിലും തട്ടിപ്പിന് പിന്നിൽ വലിയ ആസൂത്രണമാണ് നടന്നതെന്ന് ലഭ്യമായ സൂചനകളിൽനിന്ന് മനസ്സിലാകുന്നതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജു പറഞ്ഞു.

കോൾ ഇന്ത്യ ലിമിറ്റഡിൽനിന്ന് വിരമിച്ച പാലാഴി സ്വദേശി പി.എസ്. രാധാകൃഷ്ണനിൽനിന്ന് തട്ടിയ 40,000 രൂപ ആദ്യം എത്തിയത് ഗുജറാത്തിലെ ബാങ്ക് അക്കൗണ്ടിലാണ്. തുടർന്ന് ആ അക്കൗണ്ടിൽനിന്ന് നാലുതവണയായി തുക മഹാരാഷ്ട്ര രത്നാകർ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഇരു ബാങ്കുകളെയും പൊലീസ് സമീപിച്ചിട്ടുണ്ട്. എഫ്.ഐ.ആർ വിവരങ്ങൾ കൈമാറുന്നതോടെ ഈ അക്കൗണ്ടിന്റെ ഉടമകളെ കുറിച്ച വിവരങ്ങൾ ബാങ്ക് നൽകും.

ഇത് കേസിൽ നിർണായകമാകും. നഷ്ടമായ പണവും ഉടൻ തിരികെ ലഭിക്കും. വാട്സ്ആപ് വഴിയാണ് രാധാകൃഷ്ണന് വിഡിയോ കാൾ വന്നത്. ഇത് റെക്കോഡ് ചെയ്യാത്തതിനാൽ ദൃശ്യം ലഭ്യമായിട്ടില്ല. വിഡിയോ കാൾ വന്ന ലൊക്കേഷൻ അറിയാൻ വാട്സ്ആപ്പിന്റെ മുംബൈയിലെ നോഡൽ ഓഫിസറെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതി ഉടൻ പിടിയിലാവുമെന്നാണ് പ്രതീക്ഷ. രാധാകൃഷ്ണന്റെ തുക ആദ്യം പോയ ഗുജറാത്തിലെ ബാങ്ക് അക്കൗണ്ടിലേക്ക് പല അക്കൗണ്ടുകളിൽനിന്ന് പണമെത്തിയിട്ടുണ്ട്. ഇതെല്ലാം തട്ടിപ്പുപണമാണ് എന്നാണ് സംശയം. ഇതാണ് തട്ടിപ്പിൽ വൻ സംഘമുണ്ടെന്ന സംശയമുണ്ടാക്കുന്നത്.

എട്ടുവർഷം മുമ്പ് സംസാരിച്ച സുഹൃത്ത് എന്ന നിലയിലാണ് തട്ടിപ്പുകാരൻ ഫോൺ സംഭാഷണം തുടങ്ങിയത്. മകളുൾപ്പെടെ ബന്ധുക്കളുടെ വിവരങ്ങളും പഴയ സഹപ്രവർത്തകരുടെ വിശേഷങ്ങളും അന്വേഷിച്ചിരുന്നു. ഇവരെല്ലാം ഉൾപ്പെടുന്ന ഏതെങ്കിലും വാട്സ്ആപ് ഗ്രൂപ്പുകളോ മറ്റോ ഹാക്ക് ചെയ്ത് കണ്ടെത്തിയതാവും ഈ വിവരങ്ങളെന്നാണ് പൊലീസ് കരുതുന്നത്. കേസന്വേഷണത്തിന് ആവശ്യമെങ്കിൽ ഗുജറാത്ത്, മഹാരാഷ്ട്ര പൊലീസിന്റെ സഹായം തേടാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ തട്ടിപ്പിനിരയായ രാധാകൃഷ്ണന്റെ വിശദമൊഴി കോഴിക്കോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ദിനേശ് കോറോത്ത് രേഖപ്പെടുത്തി. മുമ്പ് ഒപ്പം ജോലി ചെയ്ത ആന്ധ്ര സ്വദേശിയായ സുഹൃത്തെന്ന് പരിചയപ്പെടുത്തി, ഭാര്യാസഹോദരിയുടെ ശസ്ത്രക്രിയ ആവശ്യത്തിന് അയക്കാൻ 40,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് പണം തട്ടിയത്. താന്‍ ദുബൈ വിമാനത്താവളത്തിലാണെന്നും മുംബൈയിൽ എത്തിയാലുടന്‍ പണം തിരികെ നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. 40,000 രൂപ നൽകിയതിനുപിന്നാലെ 30,000 രൂപകൂടി അയക്കാൻ ആവശ്യപ്പെട്ടതോടെയാണ് രാധാകൃഷ്ണന് സംശയം തോന്നിയതും തട്ടിപ്പ് മനസ്സിലായതും.

പണമാവശ്യപ്പെട്ട് മറ്റു മൂന്നുപേരെയും സമീപിച്ചു

കോഴിക്കോട്: എ.ഐ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘം തട്ടിപ്പിനിരയായ പി.എസ്. രാധാകൃഷ്ണന്റെ പഴയ സഹപ്രവർത്തകരിൽ ചിലരെയും സമീപിച്ചതായി സൂചന. മൂന്നുപേർക്ക് ഇത്തരത്തിൽ സന്ദേശം വന്നതായാണ് വിവരം. എന്നാൽ, ആരും പണം അയച്ചുനൽകിയിട്ടില്ല. അവരിൽ നിന്നും ഇതുസംബന്ധിച്ച് വിവരം ശേഖരിക്കാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe