കണ്ണൂർ : മൊകേരിയിൽ വിദ്യാർഥിനികൾക്ക് മുന്നിൽ അശ്ലീലദൃശ്യം പ്രദർശിപ്പിച്ചെന്ന പരാതിയിൽ ഓട്ടോ ഡ്രൈവറെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. മുത്താറിപ്പീടിക സ്വദേശി കെ.പി. ഇബ്രാഹിമിനെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സ്കൂൾ വിട്ടുവരികയായിരുന്ന വിദ്യാർഥിനികൾ ഓട്ടോയിൽ കയറിയപ്പോഴായിരുന്നു പ്രതിയുടെ അതിക്രമം. യാത്രയ്ക്കിടെ പ്രതി തന്റെ ഫോണിൽ അശ്ലീലദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയും ഇതിന്റെ ശബ്ദം ബ്ലൂടൂത്ത് സ്പീക്കറിലൂടെ ഉച്ചത്തിൽ കേൾപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. രണ്ട് കിലോമീറ്ററോളം സഞ്ചരിച്ച ശേഷം പരിഭ്രാന്തരായ കുട്ടികൾ ഓട്ടോയിൽ നിന്നിറങ്ങി സമീപത്തുള്ള വ്യാപാരിയോട് വിവരം പറഞ്ഞു. തുടർന്ന് വ്യാപാരിയാണ് പോലീസിൽ വിവരമറിയിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഉടൻതന്നെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായ കെ.പി. ഇബ്രാഹിമിനെതിരെ മുൻപും സമാനമായ രീതിയിൽ സ്ത്രീകൾക്ക് നേരെ അശ്ലീലദൃശ്യങ്ങൾ പ്രദർശിപ്പിച്ചതിന് കണ്ണൂർ ടൗൺ സ്റ്റേഷനിൽ കേസുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
