നടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസ്: ഡോ. ജോൺസൺ കെ വർ​ഗീസിനെതിരെ ലുക്കൗട്ട് സർക്കുലർ, പ്രതി വിദേശത്തേക്ക് കടന്നതായും സംശയം

news image
Nov 8, 2026, 10:44 am GMT+0000 payyolionline.in

കൊച്ചി: പീഡനക്കേസിൽ പ്രതിയായ കൊച്ചിയിലെ ഡോക്ടർ ജോൺസൺ കെ വർ​ഗീസിനെതിരേ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. യുവനടിയുടെ ബന്ധു നൽകിയ പീഡനപരാതിയിൽ കേസെടുത്തതിന് പിന്നാലെ ഡോക്ടർ ഒളിവിലാണ്. ഇതോടെയാണ് പ്രതിക്കെതിരേ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയത്. പ്രതി വിദേശത്തേക്ക് കടന്നതായാണ് പൊലീസിന്റെ സംശയം.

അതിനിടെ ഡോ. ജോൺസൺ കെ. വർ​ഗീസിന്റെ മൊബൈൽഫോണിൽനിന്ന് ഒട്ടേറെ യുവതികളുടെ സ്വകാര്യ​ദൃശ്യങ്ങൾ പൊലീസ് കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. ഏകദേശം 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങളാണ് ഡോക്ടറുടെ മൊബൈൽഫോണിൽനിന്ന് പൊലീസ് കണ്ടെത്തിയത്.

യുവതികൾക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങൾ ഡോക്ടർ മൊബൈൽഫോണിൽ പകർത്തി സൂക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ ഉൾപ്പെട്ട യുവതികളുടെ പരാതി ലഭിച്ചാൽ ഡോക്ടർക്കെതിരേ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
യുവനടിയും സുഹൃത്തായ നടനും അടക്കമുള്ള 12 അം​ഗ സംഘം ഡോക്ടറെ ആക്രമിച്ച് മൊബൈൽഫോണുകളടക്കം 3.25 ലക്ഷം രൂപയുടെ വസ്തുക്കൾ കവർച്ച ചെയ്തെന്ന കേസിലാണ് കഴിഞ്ഞദിവസങ്ങളിൽ പുതിയ വഴിത്തിരിവുണ്ടായത്. യുവനടിയുടെ ബന്ധുവായ സ്ത്രീയാണ് ഡോക്ടർക്കെതിരേ പീഡനപരാതി നൽകിയത്. ഇതോടെ ഡോ. ജോൺസൺ കെ വർ​ഗീസിനെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നു.

യുവനടിയും കൂട്ടാളികളും ബന്ധുവിന് ചികിത്സ നൽകണമെന്ന പേരിൽ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചെന്നും ഫോണുകളും സ്മാർട് വാച്ചു ഇയർപോഡും കവർന്നെന്നുമായിരുന്നു ഡോക്ടർ ആദ്യം നൽകിയ പരാതി. ഈ പരാതിയിൽ കേസെടുത്ത പൊലീസ് യുവനടിയെയും സുഹൃത്തായ നടനെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തു. ഈ സംഭവത്തിൽ ആകെ 12 പ്രതികളാണുള്ളത്. സംഭവം ഹണിട്രാപ്പ് ആണോ ബ്ലാക്ക്മെയിലിങ് ആണോ എന്നതടക്കം പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ, ബന്ധുവായ സ്ത്രീയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പവും ഇതേച്ചൊല്ലിയുണ്ടായ പ്രശ്നങ്ങളുമാണ് ആക്രമണത്തിൽ കലാശിച്ചതെന്നായിരുന്നു യുവനടിയുടെ മൊഴി. ഡോക്ടറുടെ ഫോണിലുണ്ടായിരുന്ന ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനായാണ് ഡോക്ടറെ വിളിച്ചുവരുത്തിയതെന്നും നടിയും മറ്റുപ്രതികളും പൊലീസിനോട് പറഞ്ഞു. സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനായാണ് ഡോക്ടറുടെ ഫോൺ പിടിച്ചുവാങ്ങിയതെന്നും ഇവരുടെ മൊഴിയിലുണ്ട്. ഈ ഫോണുകളാണ് പ്രതികൾ പൊലീസിന് കൈമാറിയത്. തുടർന്ന് പൊലീസ് ഫോൺ പരിശോധിച്ചതോടെയാണ് കൂടുതൽ യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ കണ്ടെത്തിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe