കൊച്ചി: സംസ്ഥാനത്ത് നവംബർ 3 മുതൽ അനിശ്ചിതകാല സർവീസ് മുടക്ക സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ. കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ സ്ത്രീ സൗജന്യ ബസ് സർവീസ് ആരംഭിച്ചതിനുശേഷം സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്ന് ബസുടമകളുടെ സംയുക്ത സമരസമിതി വ്യക്തമാക്കി. ഈ പദ്ധതി കാരണം കഴിഞ്ഞ നാലുമാസത്തിനിടെ സ്വകാര്യ ബസുകൾക്ക് ഏകദേശം 800 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. മിനിമം ബസ് യാത്രാ നിരക്ക് 15 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്കും കൺസഷനും ശാസ്ത്രീയമായി വർധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് നേരത്തെ നിവേദനം നൽകിയിരുന്നെങ്കിലും അനുകൂല നടപടികളോ ചർച്ചകളോ ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് സമരസമിതി വ്യക്തമാക്കി.
ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, കേരള ബസ് ഓപ്പറേറ്റേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി, കേരള പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ എന്നീ പ്രമുഖ സംഘടനകളുടെ നേതൃത്വത്തിൽ എറണാകുളത്ത് ചേർന്ന സംയുക്ത സമിതി യോഗമാണ് നവംബർ 3 മുതൽ അനിശ്ചിതകാല സർവീസ് നിർത്തിവയ്ക്കൽ സമരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സ്ത്രീ സൗജന്യ യാത്ര പദ്ധതി സ്വകാര്യ ബസുകളിലും നടപ്പിലാക്കി ഇതിന് തത്തുല്യമായ തുക ഉടമകൾക്ക് സർക്കാർ സബ്സിഡിയായി നൽകുക, രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ യാത്രാനിരക്ക് പരിഷ്കരിക്കുക, മിനിമം ബസ് യാത്രാ നിരക്ക് 15 രൂപയായി ഉയർത്തുക, ഡീസൽ വിലയിലെ നികുതി സ്വകാര്യ ബസുകൾക്ക് പൂർണ്ണമായി ഒഴിവാക്കി നൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
ഇതിനുപുറമെ, ഓൺലൈൻ ടൈമിങ് കോൺഫറൻസ് ഉത്തരവ് പിൻവലിക്കുക, ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷൻ നടപടികൾ പുനഃപരിശോധിക്കുക, ഗ്രാമ വണ്ടികൾ സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത ഉൾനാടൻ റൂട്ടുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുക, ബസുകളുടെ പ്രവർത്തന കാലാവധി വർധിപ്പിക്കുക, ബസ് ഇൻഷുറൻസ് തുക സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളിലും അടിയന്തരമായി തീരുമാനമുണ്ടാകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. സമരം ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ ഗതാഗത മേഖലയിൽ വലിയ പ്രതിസന്ധിക്ക് സാധ്യതയുണ്ട്.
