പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വ്യാജ ക്യുആർ കോഡ് ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; ജീവനക്കാർക്കെതിരെ കേസ്

news image
Oct 16, 2026, 11:51 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വ്യാജ ക്യുആർ കോഡ് ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് ടോൾ തുക സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങി ജീവനക്കാർ ഏഴു ലക്ഷം രൂപയിലധികം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ ടോൾ പ്ലാസ മാനേജറുടെ പരാതിയിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഉത്തർപ്രദേശ് സ്വദേശികളായ ഉമാശങ്കർ, മോണ്ടി രാജ്പുത്, ഹരിമോഹൻ, ശിം, നവീൻസിങ് ഭദോരിയ, ബിബിൻ രാജ്പുത് എന്നിവരാണ് കേസിൽ പ്രതികളായിട്ടുള്ളത്. ഇതിൽ ബിബിൻ രാജ്പുത് നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് കസ്റ്റഡിയിലുള്ളയാളൊഴികെയുള്ള മറ്റ് പ്രതികളെല്ലാം ഇതിനോടകം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഇവരെ എത്രയും പെട്ടെന്ന് കോഴിക്കോട്ടെത്തിക്കാനുള്ള കടുത്ത നടപടികൾ ആരംഭിച്ചതായി പന്തീരങ്കാവ് പൊലീസ് അറിയിച്ചു. നിലവിൽ പുറത്തുവന്നത് പ്രാഥമിക കണക്കുകൾ മാത്രമാണെന്നും, സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ തട്ടിയ പണത്തിന്റെ യഥാർത്ഥ കണക്ക് വ്യക്തമാകൂ എന്നും പൊലീസ് വ്യക്തമാക്കി. എസ്.ഐ. എൻ. രാജ്‍കുമാറിനാണ് കേസിന്റെ അന്വേഷണച്ചുമതല.

ടോൾ പ്ലാസയിലൂടെ കടന്നുപോകുന്ന ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്നാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. പ്രതികൾ എല്ലാവരും നാട്ടിലേക്ക് മടങ്ങിയ ശേഷം ടോൾ പ്ലാസ മാനേജർ നടത്തിയ വിശദമായ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe