കോഴിക്കോട്: രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 1.83 കോടി രൂപയുമായി രണ്ടുപേർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. കർണാടകയിലെ മാണ്ഡ്യ സ്വദേശിയായ ധനവാഡെ വിലാസ് ദെനകർ, മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ രമേഷ് ശ്യാംറാവു ഗെയ്ക്വാഡ് എന്നിവരാണ് റെയിൽവേ സംരക്ഷണ സേനയുടെ പിടിയിലായത്. ഇന്നലെ ഉച്ചയോടെ നേത്രാവതി എക്സ്പ്രസിൽ ഇറങ്ങിയ യാത്രക്കാരിൽ നിന്നാണ് പണം പിടികൂടിയത്. പിടിച്ചെടുത്ത പണവും പണവുമായി എത്തിയവരെയും തുടർ നിയമനടപടികൾക്കായി ആദായനികുതി വകുപ്പിന് കൈമാറി.
