കൊയിലാണ്ടി: കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാനപാതയിൽ കുറുവങ്ങാട് വെച്ച് സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ കുറുവങ്ങാട് സ്വദേശി സനലിന് പരിക്കേറ്റു. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. താമരശ്ശേരി ഭാഗത്തുനിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണ്ണമായും ബസിനുള്ളിലേക്ക് അമർന്നുപോയ നിലയിലായിരുന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവർ സനലിനെ കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാ സംഘം ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.പരിക്കേറ്റ ഡ്രൈവറെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
