പയ്യോളി : പാചകവാതക സബ്സിഡി മാതൃകയിൽ റേഷൻ വിതരണത്തിലും നേരിട്ടുള്ള പണമിടപാട് സംവിധാനം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. റേഷൻ വിഹിതം വെട്ടി കുറയ്ക്കുന്നതും ആറുമാസം റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ ഒഴിവാക്കുവാനുള്ള നീക്കം പുന:പരിശോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
മഞ്ഞ, പ്പിങ്ക് കാർഡുടമകൾക്കായി സ്മാർട്ട് പി ഡ് സ് ഇ പെയ്മെന്റ് സംവിധാനം നടപ്പിലാക്കുബോൾ കേരളത്തിലെ റേഷൻ സംവിധാനം തകർക്കപ്പെടും. സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത ഗുണഭോക്താക്കൾക്ക് റേഷൻ നഷ്ടപ്പെടാൻ ഇടയാക്കും എന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. അന്ത്യോദയ അന്നയോജന വിഭാഗത്തിലുള്ള 35 കിലോഗ്രാം ഭക്ഷ്യധാന്യം വെട്ടിക്കുറക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
നിലവിൽ പ്രായമായ കാർഡ് ഉടമകളും കൈവിരലുകൾ പതിയാത്ത കാർഡ് ഉടമയും ഒടിപി സമ്പ്രദായം ഉപയോഗിച്ചാണ് റേഷൻ കൈപ്പറ്റിയിരുന്നത്. ഈ സമ്പ്രദായം നിർത്തലാക്കാനുള്ള ഉദ്യോഗസ്ഥനീക്കം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഡിസംബർ 3ന് നടക്കുന്ന പാർലമെന്റ് മാർച്ചും നവംബർ രണ്ടിന് കൊയിലാണ്ടി പോസ്റ്റോഫീസിന് മുന്നിൽ നടക്കുന്ന ധർണ്ണസമരവും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദലി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് രവീന്ദ്രൻ പുതുക്കോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി പി.പവിത്രൻ, കെ.പി അഷ്റഫ്, ശശി മങ്കര, യു.ഷിബു, വി.വി നാരായണൻ, കെ.ജനാർദ്ദനൻ, ടി.സുഗതൻ, കെ.കെ പ്രകാശൻ, ശങ്കര നാരായണൻ, വി.എം ബഷീർ, എം.കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു
