ഇരിങ്ങൽ എൽ.പി, എസ്.എസ്.യു.പി. സ്കൂളുകളിൽ ‘മികവുത്സവം 2026’; ‘സൃഷ്ടി’ പദ്ധതിക്ക് തുടക്കം

news image
Oct 6, 2026, 9:46 am GMT+0000 payyolionline.in

ഇരിങ്ങൽ: ശ്രീ സുബ്രഹ്മണ്യ ഭജനമഠം കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ള ഇരിങ്ങൽ എൽ.പി. സ്കൂളിലെയും ഇരിങ്ങൽ എസ്.എസ്.യു.പി. സ്കൂളിലെയും വിവിധ മത്സരപരീക്ഷകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ‘മികവുത്സവം 2026’ സംഘടിപ്പിച്ചു. ഇതോടൊപ്പം ഇരിങ്ങൽ എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളും കായികക്ഷമതയും വിവിധ കഴിവുകളും പരിപോഷിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന ‘സൃഷ്ടി’ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനവും നടന്നു.

കൊയിലാണ്ടി നിയോജക മണ്ഡലം എം.എൽ.എ. അഡ്വ. കെ. പ്രവീൺ കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പയ്യോളി നഗരസഭ ചെയർപേഴ്സൺ സാഹിറ കോട്ടക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാനേജർ ശ്രീ. പി.എൻ. അനിൽ കുമാർ സ്വാഗതം ആശംസിച്ചു.

ഇരിങ്ങൽ എൽ.പി. സ്കൂളിലെയും ഇരിങ്ങൽ എസ്.എസ്.യു.പി. സ്കൂളിലെയും LSS, USS ഉൾപ്പെടെയുള്ള മത്സരപരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ പഠനമികവിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള വേദിയായി ‘മികവുത്സവം 2026’ മാറി.

തുടർന്ന് ഇരിങ്ങൽ എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. രിഖി രാം ‘സൃഷ്ടി’ പദ്ധതിയുടെ അവതരണം നടത്തി. കുട്ടികളുടെ പഠനത്തോടൊപ്പം അവരുടെ സർഗ്ഗാത്മക കഴിവുകളും കായികശേഷിയും ആത്മവിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

അബാക്കസ്, കരാട്ടെ, ചിത്രരചന, ചെസ്സ്, നീന്തൽ, കായിക പരിശീലനം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങിയ വിവിധ മേഖലകളിൽ പരിശീലനം നൽകുന്നതിലൂടെ ഓരോ കുട്ടിയിലുമുള്ള കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് ‘സൃഷ്ടി’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ചടങ്ങിൽ പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹൈറുന്നീസ പി.എം., വാർഡ് കൗൺസിലർ നിധീഷ് പി.വി, ഇരിങ്ങൽ എസ്.എസ്.യു.പി. സ്കൂൾ എച്ച്.എം. റീന എം, ഇരിങ്ങൽ എൽ.പി. സ്കൂൾ പി.ടി.എ. പ്രസിഡന്റ് സുഭാഷ് കെ.ടി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പടനയിൽ പ്രഭാകരൻ, അബ്ദുറഹ്മാൻ സി.ടി., സതീശൻ മൊയച്ചേരി, ഇരിങ്ങൽ അനിൽ കുമാർ, സുരേഷ് ബാബു ചെറിയാവി, ബാബു കെ.കെ. എന്നിവരും ആശംസകൾ നേർന്നു. ഇരിങ്ങൽ എൽ.പി. സ്കൂൾ അധ്യാപകൻ ശ്രീ. മുഹമ്മദ് അഫ്സൽ എ.കെ. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe