ആലപ്പുഴ: കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധിത ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിനുള്ള സമയപരിധി ഒരു വർഷത്തേക്ക് കൂടി നീട്ടി. ഏഴു മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് 2027 സെപ്റ്റംബർ 30 വരെ സൗജന്യമായി വിവരങ്ങൾ പുതുക്കാമെന്ന് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) അറിയിച്ചു. മുൻപ് പ്രഖ്യാപിച്ചിരുന്ന കാലാവധി ഈ മാസം 30-ന് അവസാനിക്കാനിരിക്കെയാണ് ആശ്വാസകരമായ തീരുമാനം.
രാജ്യമൊട്ടാകെ കോടിക്കണക്കിന് കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ഇനിയും പുതുക്കാനുണ്ട്. കേരളത്തിൽ മാത്രം പത്ത് ലക്ഷത്തോളം കുട്ടികളാണ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ളത്. കുട്ടികളുടെ വിരലടയാളം, കണ്ണിന്റെ കൃഷ്ണമണി അടയാളം (ഐറിസ്), ഫോട്ടോ എന്നിവയാണ് സൗജന്യമായി പുതുക്കി നൽകുന്നത്.
അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആധാർ നൽകുന്നത്. അഞ്ചാം വയസ്സിൽ ആദ്യ ഘട്ട ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുമെങ്കിലും വളർച്ചയ്ക്കനുസരിച്ച് മാറ്റങ്ങൾ വരുമെന്നതിനാൽ 15-ാം വയസ്സിലും നിർബന്ധിത പുതുക്കൽ നടത്തേണ്ടതുണ്ട്.
കൃത്യസമയത്ത് ബയോമെട്രിക് പുതുക്കിയില്ലെങ്കിൽ ആധാർ പ്രവർത്തനരഹിതമാകാനും ഭാവിയിൽ നീറ്റ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകൾ, സ്കോളർഷിപ്പുകൾ, മെഡിക്കൽ ആനുകൂല്യങ്ങൾ, റേഷൻ, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ ലഭിക്കുന്നതിന് തടസ്സം നേരിടാനും സാധ്യതയുണ്ട്. ആധാർ സേവന കേന്ദ്രങ്ങൾ, സ്കൂളുകളിൽ നടക്കുന്ന പ്രത്യേക ക്യാമ്പുകൾ, ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവ വഴി പഴയ കാർഡുമായി നേരിട്ടെത്തി വിവരങ്ങൾ പുതുക്കാവുന്നതാണ്.
