ശിവസൂര്യയുടെ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

news image
Sep 28, 2026, 4:37 am GMT+0000 payyolionline.in

കണ്ണൂർ: ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദ്ദേശം നൽകി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് മേധാവിയെ ഫോണിൽ വിളിച്ച് നിർദേശം നൽകി. അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. 17കാരനെ കാണാതായിട്ട് 49 ദിവസമായി. മൊബൈൽ ഫോൺ വാങ്ങിവച്ചതിന്റെ പേരിലാണ് വീട് വിട്ടത്.

ഒരു സിസിടിവിയിൽ പോലും ഇല്ലെന്ന് പറയുന്നു, അങ്ങനെ ആണെങ്കിൽ കുട്ടിയെ ആരെങ്കിലും കൊണ്ടുപോയതായിരിക്കാമെന്ന് ശിവസൂര്യയുടെ ബന്ധു ബബിജ പറഞ്ഞു. എല്ലാ സിസിടിവികളും ഒന്നുകൂടി പരിശോധിക്കണം. കാശിക്ക് പോകുമെന്ന് എഴുതിയത് ആരുടെയെങ്കിലും പ്രേരണയിലാകാം. അവൻ അങ്ങനെ അമ്പലങ്ങളിലൊന്നും പോകാറില്ല. വിളിച്ചാൽ തന്നെ വരാറില്ല. ഭക്തൻ ഒന്നുമല്ല. അങ്ങനെ ആരോടും അവൻ സംസാരിക്കാറില്ല. അധികം സുഹൃത്തുക്കളുമില്ല. എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ് ഉണ്ടായിരുന്നു. വളരെ ബുദ്ധിശാലിയായ കുട്ടിയാണ്. നിങ്ങളെയെല്ലാം പഠിപ്പിച്ച് ഒരു നിലയിലെത്തിക്കഴിഞ്ഞാൽ തനിക്ക് കാശിക്ക് പോകാമെന്ന് കുട്ടിയുടെ അച്ഛൻ വീട്ടിൽ നിന്ന് സ്വാഭാവികമായി സംസാരിച്ചിരുന്നു. അത് അവൻ ഈ രീതിയിൽ ഫോക്കസ് ചെയ്യുമെന്ന് ഞങ്ങളും അറിഞ്ഞില്ല – ബബിജ പറഞ്ഞു.

കഴിഞ്ഞ മാസം എട്ടിനാണ് ശിവസൂര്യ വീട് വിട്ട് പോയത്. കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ് എഴുതി വച്ചിരുന്നു. കേരളത്തിൽ പലയിടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച് സൂചന കിട്ടിയിരുന്നില്ല. പ്രത്യേക സംഘം രൂപീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. തലശേരി എഎസ്പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ്‌ഐ ആർ രാഗേഷിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തിൽ എട്ട് പേരാണ് ഉള്ളത്.

ശിവസൂര്യയെ തേടി വാരണാസിയിലേക്ക് പോയ പൊലീസ് സംഘം തിരികെ മടങ്ങിയിരുന്നു. ഒരാഴ്ച പരിശോധന നടത്തിയിട്ടും ശിവസൂര്യയെക്കുറിച്ച് വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. മലയാളി അസോസിയേഷൻ പ്രവർത്തകരും സഹായത്തിനുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe