തിരുവനന്തപുരം: ഉത്സവകാലമല്ലെങ്കിൽ പോലും സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നു. നിത്യജീവിതത്തിൽ ഏറെ ആശ്രയിക്കുന്ന ബീൻസ്, പയർ, ചെറിയ ഉള്ളി എന്നിവയുടെ വില കിലോയ്ക്ക് 100 രൂപ കടന്നു. വെളുത്തുള്ളിയുടെ വില 220 രൂപയിലെത്തി നിൽക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പലതവണയാണ് പച്ചക്കറികൾക്ക് വില വർധിച്ചത്.
അയൽസംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം പച്ചക്കറി വരവ് കുത്തനെ കുറഞ്ഞതാണ് വിപണിയിൽ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്. രണ്ടാഴ്ചയ്ക്കിടെ മാത്രം ബീൻസിന് കിലോയ്ക്ക് 30 രൂപയും പയറിന് 40 രൂപയും ചെറിയ ഉള്ളിക്ക് 40 രൂപയും വർധിച്ചു. വരും ദിവസങ്ങളിൽ ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ള മറ്റ് പച്ചക്കറികൾക്കും വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ.
അതേസമയം തക്കാളി, വെണ്ടയ്ക്ക, വെള്ളരിക്ക തുടങ്ങിയവയ്ക്ക് വലിയ വിലവർധനവില്ലാത്തത് നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും, പ്രധാന പച്ചക്കറികളുടെ വിലക്കയറ്റം കാരണം ആളുകൾ വാങ്ങുന്ന അളവ് കുറച്ചത് കച്ചവടത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ.
പച്ചക്കറി വില (നിലവിലെ വില, ഒരു കിലോ), രണ്ടാഴ്ച മുൻപുള്ള വില
ബീൻസ്- 120, 90
പയർ- 140, 100
ചെറിയ ഉള്ളി- 100, 60
വെളുത്തുള്ളി- 220, 210
മുളക് -70, 45
കാരറ്റ്- 80, 60
നെല്ലിക്ക- 100, 90
പാവയ്ക്ക – 100, 70
സാലഡ് വെള്ളരി -70, 40
മാങ്ങ- 140, 80
