വടകര: മടപ്പള്ളി ഗവൺമെന്റ് കോളജിലെ ഇൻഡോർ സ്റ്റേഡിയം നിർമാണം പൂർത്തീകരിക്കാൻ ആവശ്യമായ ഫണ്ട് ലഭ്യമാക്കണമെന്ന് വടകര താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ആദ്യഘട്ട നിർമാണം പൂർത്തിയായി ആറ് വർഷം കഴിഞ്ഞിട്ടും തുടർപ്രവർത്തികൾക്കുള്ള തുക ലഭിക്കാത്തതാണ് പദ്ധതി നീണ്ടുപോകാൻ കാരണം. ബാക്കി പ്രവൃത്തികൾക്കായി 5.33 കോടി രൂപയുടെ എസ്റ്റിമേറ്റ് സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ല. സമിതി അംഗം പി.പി. രാജനാണ് ഈ വിഷയം യോഗത്തിൽ ഉന്നയിച്ചത്.
രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ (റൂസ) പദ്ധതിപ്രകാരം ഏഴുവർഷം മുൻപ് അനുവദിച്ച 75 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇൻഡോർ സ്റ്റേഡിയത്തിന്റെ ആദ്യഘട്ട പ്രവൃത്തികൾ നടത്തിയത്. ആദ്യ ഘട്ടത്തിന് ശേഷം നിർമാണം നിലച്ച മടപ്പള്ളി കോളേജ് ഇൻഡോർ സ്റ്റേഡിയത്തിന്റെ തുടർപ്രവർത്തനങ്ങൾക്ക് വേഗത്തിൽ തുക അനുവദിക്കണമെന്നാണ് സമിതിയുടെ ആവശ്യം.
ദേശീയപാതയിൽ അഴിയൂർ മുതൽ മുരാട് വരെയുള്ള ബസ് സർവീസുകൾ പൂർണമായും സർവീസ് റോഡ് വഴിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഭാഗികമായി മാത്രം പൂർത്തിയായ നാലുവരിപ്പാതയിലൂടെ ബസ്സുകൾ സർവീസ് നടത്തുന്നത് യാത്രക്കാർക്ക് വലിയ ദുരിതവും അപകടസാധ്യതയും ഉണ്ടാക്കുന്നുണ്ടെന്ന് സമിതി അംഗം പ്രദീപ് ചോമ്പാല ചൂണ്ടിക്കാട്ടി.
നാദാപുരം താലൂക്ക് ആശുപത്രി മുതൽ കല്ലാച്ചി വരെയുള്ള പൊതുമരാമത്ത് റോഡിലെ കുഴികൾ അടയ്ക്കുമെന്ന് സമിതി അംഗം പി.കെ. ദാമുവിന്റെ ചോദ്യത്തിന് മറുപടിയായി വകുപ്പ് പ്രതിനിധികൾ വ്യക്തമാക്ക. ഓർക്കാട്ടേരി ടൗണിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്ന് കളത്തിൽ ബാബു ആവശ്യപ്പെട്ടു. പുറന്തോടത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ. രതീഷ് കുമാർ, സമിതി അംഗങ്ങളായ പി.പി. രാജൻ, പി.കെ. ദാമു, പ്രദീപ് ചോമ്പാല, കളത്തിൽ ബാബു എന്നിവർ സംസാരിച്ചു.
