സർഗാലയയിൽ രാജ്യത്തെ വലിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ വരുന്നു; സംവിധാനം രേവതി, സംഗീതം എ.ആർ. റഹ്‌മാൻ

news image
Aug 14, 2026, 3:42 am GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ രാജ്യത്തെ ഏറ്റവും വലിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോകളിൽ ഒന്ന് സിനിമാ സ്റ്റൈലിൽ സജ്ജമാകുന്നു. പ്രശസ്ത ചലച്ചിത്രതാരവും സംവിധായികയുമായ രേവതിയാണ് ഈ വമ്പൻ ഷോയുടെ സംവിധാനം നിർവഹിക്കുന്നത്. ഓസ്കർ ജേതാക്കളായ എ.ആർ. റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദസംവിധാനവും ഒരുക്കുമ്പോൾ മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജുവാരിയർ, അനൂപ് മേനോൻ, രഞ്ജിത്ത്, പാർവതി തിരുവോത്ത്, സയനോര ഫിലിപ്പ് തുടങ്ങിയ പ്രമുഖ താരനിരയാണ് വിവരണം നൽകാൻ ശബ്ദമേകുന്നത്. കേന്ദ്ര വിനോദസഞ്ചാര വകുപ്പ് 95.34 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.

 

​ഇരിങ്ങൽപാറയിലും പാറക്കുളത്തിലുമായാണ് ഷോ സംഘടിപ്പിക്കുന്നത്. ഇതിനായി 39 മീറ്റർ വീതിയിലും 20 മീറ്റർ ഉയരത്തിലുമുള്ള പ്രത്യേക ഫ്രെയിമും നിർമിച്ചിട്ടുണ്ട്. ഫ്രെയിമിന്റെ മുകളിൽനിന്ന് താഴേക്ക് കാൻവാസിലേക്ക് തുടർച്ചയായി ജലധാര ഒഴുകിയെത്തുന്ന ‘ജലഭിത്തി’യിലും പാറയിലുമായാണ് ദൃശ്യങ്ങൾ മിന്നിമറയുക. പരിപാടികൾ ആസ്വദിക്കാനായി മുത്തുച്ചിപ്പി തുറക്കുന്ന മാതൃകയിൽ 1000 പേർക്ക് ഇരിക്കാവുന്ന ഗാലറിയും വെള്ളത്തിൽ ഉയർത്തിയ രീതിയിലുള്ള സ്റ്റേജും തയ്യാറായിക്കഴിഞ്ഞു. സംവിധായകൻ ശങ്കർ രാമകൃഷ്ണൻ, നാടകകൃത്ത് റോയിസ്റ്റൻ എബൽ, ക്യാമറാമാൻ അൽഫോൺസ്, ഡിസൈനർ അരവിന്ദൻ അറുമുഖം എന്നിവരും അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്.

 

​വരുന്ന ഡിസംബറിലെ അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് മുൻപ് പദ്ധതിയുടെ ഉദ്ഘാടനം നടത്താനുള്ള തകൃതിയായ നിർമാണ പ്രവർത്തനങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. പാറക്കുളത്തിന് മുകളിൽ പുല്ലുമേഞ്ഞ മാതൃകയിൽ സ്റ്റീൽ തൂണുകളിൽ ഉയർത്തിയ റസ്റ്ററന്റിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ഇതിനുപുറമേ കുട്ടികളുടെ പാർക്ക്, നീന്തൽക്കുളം, കളരി മ്യൂസിയം, പരിശീലന കേന്ദ്രം, കോഫി ഷോപ്പ്, എംപോറിയം, കരകൗശല ഗാലറി, കൺവെൻഷൻ സെന്റർ എന്നിവയും പദ്ധതിയുടെ ഭാഗമായി സർഗാലയയിൽ സജ്ജീകരിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe