പത്തംതിട്ട: പത്തനംതിട്ടയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയെന്ന പരാതിയിൽ എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ. അടൂർ എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ല, നിയമവിരുദ്ധ ലൈറ്റുകൾ ഉപയോഗിച്ചു എന്നതിന്റെ പേരിലാണ് പിഴ ചുമത്തിയത്. വിവാദമായതോടെ ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശ പ്രകാരമാണ് സസ്പെൻഷൻ.
7000 രൂപയായിരുന്നു രണ്ട് നിയമലംഘനങ്ങൾക്ക് പിഴചുമത്തിയിരുന്നത്. പിഴ ഈടാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അബിൻ വർക്കി എംഎൽഎയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഴ തുക പിരിച്ചെടുത്ത് വാഹന ഉടമയ്ക്ക് നൽകുകയും തുടർന്ന് പിഴ അടച്ച് തീർക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗതാഗത വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത്.
അടൂർ ബൈപ്പാസിൽ നടന്ന പതിവ് വാഹന പരിശോധനയ്ക്കിടെയാണ് പ്രളയ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്ന വാഹനം ഉദ്യോഗസ്ഥൻ പിടികൂടുന്നത്. ആറൻമുളയിലെ പ്രളയബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വാഹനമായിരുന്നു ഇത്. സ്പെയർപാർട്സ് വാങ്ങാനാണ് അടൂരിലേക്ക് പോയത് എന്നാണ് വാഹന ഉടമയുടെ വിശദീകരണം.
