പയ്യോളി : ദേശീയപാതയിൽ മൂടാടിയിൽ സ്കൂൾ ബസ്സും ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. മൂടാടി വീമംഗലം യു.പി സ്കൂളിന്റെ ബസ്സിൽ കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ‘കാവാലം’ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 9.30-ഓടെയാണ് അപകടം സംഭവിച്ചത്.
സ്കൂൾ കുട്ടികളെ ഇറക്കിയ ശേഷം ബസ് റോഡരികിലേക്ക് മാറ്റുന്നതിനിടെ അമിതവേഗതയിലെത്തിയ ലിമിറ്റഡ് സ്റ്റോപ്പ് ബസ് വന്ന് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്കൂൾ ബസ് ഡ്രൈവർ പാലക്കുളം സ്വദേശി ബാബുരാജ്, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിലെ മൂന്ന് യാത്രക്കാർ എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ സ്കൂൾ ബസ് ഡ്രൈവർ ബാബുരാജും, കൈവിരലിന് ഗുരുതരമായി പരിക്കേറ്റ ലിമിറ്റഡ് ബസ്സിലെ വയോധികനായ യാത്രക്കാരനും ചികിത്സയിലാണ്. വയോധികനെ പിന്നീട് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട പെൺകുട്ടിയുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.
