തിരുവനന്തപുരം: ഇഡി ആക്രമണക്കേസിൽ പ്രതിചേർക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുന്ന സിപിഎം പ്രവർത്തകർ വി.എസ് അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചതിൽ അന്വേഷണം. സംഭവത്തിൽ ഗുരുതര ചട്ട ലംഘനമുണ്ടായെന്നാണ് വിലയിരുത്തൽ. അന്തരിച്ച സിപിഎം നേതാവിന് ജയിലിനുള്ളിൽ റിമാൻ്റ് തടവുകാർ അനുസ്മരണം സംഘടിപ്പിച്ചത് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയെന്നാണ് ആക്ഷേപം. മുൻ കുന്നുകുഴി കൗൺസിലറും
സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി ബിനുവിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങെന്നാണ് ജയിൽവകുപ്പിന് ലഭിച്ച വിവരം. സിപിഎം നേതാക്കൾക്ക് ജയിലിനുള്ളിൽ വഴിവിട്ട സഹായം ലഭിക്കുന്നെന്ന ആരോപണത്തിനിടെയാണ് ഇത്തരത്തിൽ അനുസ്മരണം നടന്നത്. ഈ സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ നിർദേശം നൽകി. റിമാന്റിലുള്ള ഇഡി ആക്രമണക്കേസിലെ അഞ്ച്, ഏഴ് ബ്ലോക്കുകളിൽ കഴിയുന്ന പ്രതികളാണ് അനുസ്മരണത്തിൽ പങ്കെടുത്തതെന്നാണ് സൂപ്രണ്ടിൻ്റെ അന്വേഷണത്തിൽ വ്യക്തമായത്. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ ഉൾപ്പെടെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.
