തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങത്ത് കുളങ്ങര ഭാഗത്ത് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്) പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് തുറയൂർ കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
രോഗബാധിത പ്രദേശത്തെ നൂറ്റമ്പതോളം വീടുകൾ ആരോഗ്യപ്രവർത്തകർ സന്ദർശിച്ചു. ഈ മേഖലയിലെ മുഴുവൻ കിണറുകളും സൂപ്പർ ക്ലോറിനേഷൻ നടത്തുകയും ശാസ്ത്രീയ പരിശോധനകൾക്കായി ജലസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. വീടുകൾ കേന്ദ്രീകരിച്ച് പകർച്ചവ്യാധി പ്രതിരോധ നോട്ടീസുകളും വിതരണം ചെയ്തു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഗ്രാമപഞ്ചായത്തിലെ എല്ലാ ഗ്രാമസഭകളിലും ‘മഴക്കാല രോഗങ്ങൾ’ എന്ന പ്രത്യേക അജണ്ട ഉൾപ്പെടുത്തി ബോധവത്കരണം നൽകാൻ തീരുമാനിച്ചു. ഇതിനായി വാർഡ് തല സമിതികൾ വിളിച്ചുചേർക്കുകയും കുടുംബശ്രീ ജനറൽ ബോഡികളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. കൂടാതെ പ്രദേശത്തെ സ്കൂളുകളിലും കല്യാണവീടുകളിലും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആളുകൾ ഒത്തുചേരുന്ന പൊതുപരിപാടികൾ നടത്തുമ്പോൾ അത് മുൻകൂട്ടി ആരോഗ്യവിഭാഗത്തെ അറിയിക്കണമെന്ന് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ വ്യക്തമാക്കി.
പ്രദേശവാസികൾക്കായി ജൂലൈ 21 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങത്ത് കുളങ്ങര അംഗൻവാടിയിൽ വെച്ച് പ്രത്യേക ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. കൂടാതെ, പഞ്ചായത്ത് പരിധിയിലെ മുഴുവൻ ഭക്ഷണ വിതരണ കച്ചവടക്കാർക്കും തൊഴിലാളികൾക്കുമായി ജൂലൈ 23 വ്യാഴാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് പ്രത്യേക ബോധവത്കരണ ക്ലാസ്സ് നടക്കും. പേരാമ്പ്ര ഫുഡ് ഇൻസ്‌പെക്ടറാണ് ക്ലാസ്സിന് നേതൃത്വം നൽകുന്നത്.

എല്ലാ കച്ചവട സ്ഥാപനങ്ങളും കൃത്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണെന്നും, വീഴ്ച വരുത്തുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
