കോഴിക്കോട്: അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ക്രൗഡ് ഫണ്ടിങ്ങിന്റെ കണക്ക് അവതരിപ്പിക്കാത്തതിൽ കടുത്ത വിമർശനമുയർന്ന പശ്ചാത്തലത്തിൽ നിയമസഹായ സമിതി യോഗം ഇന്ന് ചേരും. വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കും. ഇത് സംബന്ധിച്ച നോട്ടീസ് നിയമസഹായ സമിതി പുറത്തിറക്കി. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കാലിക്കറ്റ് ഗേറ്റ് ഓഡിറ്റോറിയത്തിലാണ് യോഗം.
ക്രൗഡ് ഫണ്ടിങ്ങിന്റെ കണക്ക് അവതരിപ്പിക്കാത്തതിൽ നേരത്തെ വിമർശനമുയർന്നിരുന്നു. പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലായിരുന്നു വിമർശനം. മോചന ദ്രവ്യം നൽകിയതിന് ശേഷമുള്ളത് പത്ത് കോടി രൂപയാണ്. ഇത് എന്ത് ചെയ്യണമെന്നതിലടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ടെന്നായിരുന്നു വിമർശനം. എന്നാൽ അധികമായി പിരിച്ച തുക ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് നിയമസഹായ സമിതി അറിയിച്ചിരുന്നു. പണത്തിന്റെ കണക്ക് പറയേണ്ടത് നിയമസഹായ സമിതിയാണെന്നാണ് റഹീമിന്റെ കുടുംബം പറഞ്ഞത്. ക്രൗഡ് ഫണ്ടിങ്ങുമായി തങ്ങൾക്ക് ബന്ധമില്ലെന്നും പണത്തിൽ ഒരു അവകാശവും ഉന്നയിച്ചിട്ടില്ലെന്നും കുടുംബം പറഞ്ഞിരുന്നു.
അതിനിടെ റഹീമിന്റെ മോചനതിനായി ക്രൗഡ് ഫണ്ടിങ്ങിലൂടെ ശേഖരിച്ചതിൽ ബാക്കി പണം എന്ത് ചെയ്യണമെന്ന് പണം നൽകിയവർ അഭിപ്രായം പറയണമെന്നായിരുന്നു വ്യവയാസി ബോബി ചെമ്മണ്ണൂർ പറഞ്ഞത്. ഇൻസ്റ്റഗ്രാം പേജിലൂടെ പൊതുജനങ്ങളുടെ അഭിപ്രായം തേടും. ഭൂരിപക്ഷ അഭിപ്രായം നോക്കി തുടർനടപടി സ്വീകരിക്കണം. പണം ദുരുപയോഗം ചെയ്യരുത്. വിവാദത്തിലേക്ക് പോകാതെ നല്ല രീതിയിൽ ബാക്കി തുക ഉപയോഗിക്കണം. പലരും 13 കോടി എവിടെ എന്ന് ചോദിക്കുന്നുണ്ട്. താൻ ഒരു കോടി രൂപയാണ് നൽകിയത്. താൻ പൈസ കൈകൊണ്ട് തൊട്ടിട്ടില്ല. എല്ലാവരോടും നിയമസഹായ കമ്മിറ്റിയുടെ ക്യൂ ആർ കോഡിലേക്ക് പണം അയക്കാനാണ് പറഞ്ഞത്. ബോക്സിൽ എഴുപതിനായിരം രൂപ മാത്രമാണ് താൻ കളക്ട് ചെയ്തത്. തന്റെ പേരിൽ പലയിടത്തും പണപ്പിരിവ് നടന്നതോടെ ബോക്സിൽ പണം വാങ്ങുന്നത് നിർത്തി. ബാക്കി പണം എന്ത് ചെയ്യുമെന്ന് നിയമസഹായ സമിതി അറിയിച്ചിട്ടില്ല. ബാക്കി പണം എന്ത് ചെയ്യണമെന്ന് താൻ വ്യക്തിപരമായി പറയുന്നില്ലെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞിരുന്നു.
2006 ഡിസംബർ 24-നാണ് സൗദി ബാലൻ അനസ് അൽ ശഹ്രി കൊല്ലപ്പെട്ട കേസിൽ റഹീം ജയിലിലാകുന്നത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിങിനായി പുറത്തുപോകുമ്പോൾ ട്രാഫിക് സിഗ്നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുൽ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വധശിക്ഷയായിരുന്നു കോടതി റഹീമിന് വിധിച്ചത്. പിന്നീട് ഒന്നരക്കോടി സൗദി റിയാൽ ദിയാധനം നൽകിയതിന്റെ പശ്ചാത്തലത്തിലാണ് വധശിക്ഷ ഒഴിവാക്കിയത്. ക്രൗഡ് ഫണ്ടിങ്ങിലൂടെ 46 കോടി രൂപയായിരുന്നു ശേഖരിച്ചത്. ഇതിന്റെ ബാക്കി തുകയാണ് നിയമസഹായ സമിതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലുള്ളത്.
