എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിച്ചു 

news image
Jun 28, 2026, 5:35 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എൽ.എസ്.എസ് (LSS), യു.എസ്.എസ് (USS) വിജയികളെയും ആദരിക്കുന്ന ‘Excellence 2K26’ അനുമോദന സംഗമം സംഘടിപ്പിച്ചു. ഇരിങ്ങൽ സർഗാലയയിൽ വെച്ചുനടന്ന  ചടങ്ങ് കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസരംഗത്ത് വിദ്യാർത്ഥികൾ കൈവരിക്കുന്ന മികവുകൾ സമൂഹത്തിന് വലിയ അഭിമാനമാണെന്നും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ആത്മവിശ്വാസത്തോടെ മുന്നേറണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.

​പയ്യോളി നഗരസഭാ ചെയർപേഴ്സൺ സാഹിറ എൻ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി പ്രമുഖ റിസോഴ്‌സ് മെന്റർ ആദിഷ് ചക്യേരി കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. ലക്ഷ്യബോധത്തോടെയുള്ള കരിയർ തിരഞ്ഞെടുപ്പുകളെക്കുറിച്ചും കാര്യക്ഷമമായ പഠനരീതികളിലൂടെ വിജയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളോട് സംവദിച്ചു. വിജയികളായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ മൊമെന്റോകൾ നൽകി ആദരിച്ചു.

​മുനിസിപ്പൽ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ടി. സിന്ധു, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. കുഞ്ഞാമു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ബാലകൃഷ്ണൻ, കെ. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.പി. കുഞ്ഞബ്ദുള്ള, സൂരജ് ഇ., ശശിധരൻ മാഷ്, സതീശൻ മൊയച്ചേരി, ചെറിയാവി സുരേഷ് ബാബു, മേലടി എ.ഇ.ഒ പ്രകാശൻ മാസ്റ്റർ എന്നിവരും ചടങ്ങിൽ ആശംസകൾ അറിയിച്ചു.

​വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എം. ഹൈറുന്നിസ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ്‌ കൗൺസിലർ സാബിറ പി.കെ. നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികളും രക്ഷിതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെ  ജനപങ്കാളിത്തത്തോടെയാണ് അനുമോദന സംഗമം സമാപിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe