തലശ്ശേരി: തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് മധ്യവയസ്കനെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചെമ്പിലോട് സ്വദേശി നാസറിനെ (50) പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഷാഹിദ് എന്ന യുവാവിനെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയായിരുന്നു സംഭവം. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തിരുന്ന് ഇരുവരും മദ്യപിക്കുന്നതിനിടെ പെട്ടെന്ന് വാക്കുതർക്കം ഉണ്ടാകുകയായിരുന്നു. തർക്കം മൂർച്ഛിച്ചതോടെ പ്രകോപിതനായ ഷാഹിദ് കയ്യിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് നാസറിന്റെ കഴുത്തിൽ ആഴത്തിൽ വരയുകയായിരുന്നു.
രക്തം വാർന്ന് വീണ നാസറിനെ, വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ പോലീസ് സംഘമാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കഴുത്തിലെ മുറിവ് അതീവ ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നാസറിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കസ്റ്റഡിയിലുള്ള ഷാഹിദിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
