പിഎസ്‌സി ആസൂത്രണ ബോർഡ്‌ പരീക്ഷ ക്രമക്കേട്: പരീക്ഷ രേഖകൾ നൽകണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ വിലക്ക്, സ്റ്റേ ഒരു മാസത്തേക്ക്

news image
Aug 11, 2026, 7:48 am GMT+0000 payyolionline.in

കൊച്ചി: ആസൂത്രണ ബോർഡ്‌ പരീക്ഷ ക്രമക്കേടിൽ പരീക്ഷ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരു മാസത്തേക്കാണ് സ്റ്റേ. പരാതിക്കാരനായ ശ്യാം കൃഷ്ണന് കോടതി നോട്ടീസ് അയച്ചു. സെലക്ഷൻ പ്രോസസ്സ് പൂർത്തിയായിട്ടില്ലെന്നും പൂർത്തിയായ ശേഷം പരീക്ഷ രേഖകൾ നൽകാമെന്നും അല്ലെങ്കിൽ പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നും പിഎസ്‍സി കോടതിയിൽ വാദിച്ചു. അഭിമുഖം കഴിഞ്ഞിട്ടില്ലെന്നും പിഎസ്‍സി കോടതിയെ അറിയിച്ചു. പിഎസ്‍സി വാദം കേട്ട ശേഷമാണ് ഉത്തര കടലാസ്സുകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്.

വിവരാവകാശ കമ്മീഷണർ ഉത്തരവിനെതിരെ പിഎസ്‍സി നൽകിയ റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹർജിയിലുള്ള സാങ്കേതിക പിഴവ് തിരുത്തി വീണ്ടും സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരന്റെ അപേക്ഷയിൽ പരീക്ഷ ഉത്തരക്കടലാസ്സിന്റെയും ഇന്റർവ്യൂ മാർക്ക് ലിസ്റ്റിന്റെയും മുഴുവൻ രേഖകളും ലഭ്യമാക്കാൻ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാൻ പിഎസ്‍സി ഇതുവരെ തയ്യാറായിട്ടില്ല. ഇതിനെതിരെ വിവരാവകാശ കമ്മീഷണർ കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. അതിനിടെയിലാണ് റിട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe