പയ്യോളി: ശാസ്ത്ര ഗവേഷണ രംഗത്ത് അന്താരാഷ്ട്ര അംഗീകാരം നേടി കോഴിക്കോട് പയ്യോളി സ്വദേശിനി. കൊൽക്കത്തയിലെ പ്രശസ്തമായ ഇന്ത്യൻ അസോസിയേഷൻ ഫോർ ദ കൾട്ടിവേഷൻ ഓഫ് സയൻസിൽ (IACS) നിന്നും രസതന്ത്രത്തിൽ പി.എച്ച്.ഡി. നേടിയ ഡോ. ഓഷിയ ആർ. എ. യ്ക്കാണ് അമേരിക്കയിലെ പ്രമുഖ സർവകലാശാലയായ വർജീനിയ ടെക്കിൽ (Virginia Tech) പോസ്റ്റ് ഡോക്ടറൽ അസോസിയേറ്റായി ഉന്നത നിയമനം ലഭിച്ചത്.
മെഷീൻ ലേണിംഗ് സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കാറ്റലിസിസ്, മെറ്റീരിയൽ ഡിസൈൻ എന്നീ മേഖലകളിൽ ഡോ. ഓഷിയ നടത്തിയ അത്യാധുനിക ഗവേഷണങ്ങളാണ് ഈ അപൂർവ്വ നേട്ടത്തിന് വഴിയൊരുക്കിയത്. ആധുനിക കമ്പ്യൂട്ടേഷണൽ രീതികളും കൃത്രിമ ബുദ്ധിയും (AI) സമന്വയിപ്പിച്ച് പുതിയ പദാർത്ഥങ്ങളുടെ രൂപകൽപ്പനയും അവയുടെ കാറ്റലിറ്റിക് പ്രവർത്തനക്ഷമതയുടെ വിശകലനവുമായിരുന്നു ഗവേഷണ വിഷയം. പ്രൊഫസർ അയാൻ ദത്തയുടെ കീഴിലായിരുന്നു പി.എച്ച്.ഡി. ഗവേഷണം പൂർത്തിയാക്കിയത്.
ഗവേഷണരംഗത്തെ മികവും അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ച മികച്ച ശാസ്ത്ര പ്രബന്ധങ്ങളും പരിഗണിച്ചാണ് വർജീനിയ ടെക്ക് സർവകലാശാല ഉന്നത ഗവേഷണത്തിനായി ഡോ. ഓഷിയയെ തിരഞ്ഞെടുത്തത്. യുവ ഗവേഷകയുടെ ഈ വലിയ നേട്ടം കേരളത്തിലെ വിദ്യാഭ്യാസ-ഗവേഷണ സമൂഹത്തിനാകെ വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.
പയ്യോളി സ്വദേശിനിയായ ഡോ. ഓഷിയ ഡോ. അരവിന്ദൻ താരേമ്മലിന്റെയും രേനയുടെയും മകളാണ്. നിയോജീൻ സഹോദരനാണ്.
