പയ്യോളി: യുവഎഴുത്തുകാരി വിജിഷ ശ്രീജിലേഷിന്റെ ആദ്യ നോവലിന്റെ ടൈറ്റിൽ പ്രകാശനം സോഷ്യൽ മീഡിയ പേജുകളിലൂടെ നിർവ്വഹിച്ചു.
ഇന്നലെ (ജൂൺ 6 ശനിയാഴ്ച) വൈകുന്നേരം 7 മണിയോടെയായിരുന്നു ടൈറ്റിൽ റിലീസ് നടന്നത്.
ചലച്ചിത്ര താരം ഷെയ്ൻ നിഗം, പ്രശസ്ത സംഗീത സംവിധായകൻ നന്ദഗോപൻ വി., എഴുത്തുകാരായ നിസാർ ഇൽത്തുമിഷ്, ബിനീഷ് പുതുപ്പണം, അനു ചന്ദ്ര, നിതിൻ ബോസ്, കെ.സി. അഭിലാഷ്, പ്രശാന്ത് തിക്കോടി, മെന്റലിസ്റ്റ് ഗിരിശങ്കർ, ചലച്ചിത്ര കലാസംവിധായകൻ പ്രശാന്ത് അമരവിള, നാട്യഞ്ജലി സ്കൂൾ ഓഫ് ഡാൻസ് ഡയറക്ടർ സുധീഷ് നാട്യഞ്ജലി, ഫുട്ബോൾ ജേർണലിസ്റ്റ് ജുഷ്ണ ഷാഹിർ, കിക്ക് ബോക്സിങ് താരം തൃഷ്ണ മനോജ്, ഡോ. ശ്രീലക്ഷ്മി (തിരുവനന്തപുരം) തുടങ്ങിയ പ്രമുഖർ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ടൈറ്റിൽ പുറത്തുവിട്ടത്.
പയ്യോളി ‘വിപുരാസ് ഹൗസിൽ’ വിജയരാഘവന്റെയും ഷർമിളയുടെയും മകളായ വിജിഷ, കണ്ണംകുളം എ.എൽ.പി. സ്കൂൾ, തൃക്കോട്ടൂർ എ.യു.പി. സ്കൂൾ, പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, മടപ്പള്ളി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, വടകര മോഡൽ പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
നിലവിൽ യു.എ.ഇ.-യിൽ (UAE) ജോലി ചെയ്യുന്ന വിജിഷ, ഔദ്യോഗിക തിരക്കുകൾക്കിടയിലും ആർട്ട് ആൻഡ് ക്രാഫ്റ്റ് മേഖലയിലും ഏറെ സജീവമാണ്. പ്രമുഖ പ്രസാധകരായ ‘ആർ.കെ. പബ്ലിഷിങ് വെഞ്ച്വർ’ (RK Publishing Venture) പുറത്തിറക്കുന്ന ഈ നോവൽ ഉടൻ തന്നെ വിപണിയിലെത്തും. പ്രമുഖ ബുക്ക് സ്റ്റാളുകളിലും വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പുസ്തകം ലഭ്യമാകുമെന്ന് പ്രസാധകർ അറിയിച്ചു.
ശ്രീജിലേഷ് ആയ്യത്താനാണ് വിജിഷയുടെ ഭർത്താവ്. മകൾ: ശ്രേയാൻവി. സഹോദരൻ: സജയ് ശർമ്മ വി.
