സമരത്തോടൊപ്പം ജീവിത പോരാട്ടവും ഒരുമിച്ചു കൊണ്ടുപോയ നേതാവിനുള്ള അംഗീകാരമാണ് ഒജെ ജനീഷിന്റെ മന്ത്രി സ്ഥനം. മാളയിലെ ചെറിയ കുടുംബത്തിൽ നിന്ന് ഉയർന്നു വന്ന ജനീഷ് ഇനി തൃശ്ശൂർ ജില്ലയിലെ ഏക മന്ത്രി കൂടിയാണ്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്നു ഒ ജെ ജനീഷ് .ലൈംഗിക ആരോപണങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തു പോയപ്പോൾ അഖിലേന്ത്യാ നേതൃത്വത്തിന്റെ പിന്തുണയോടെ കൂടി ജനീഷ് സംസ്ഥാന പ്രസിഡണ്ടായി.ആരോപണങ്ങൾ അവിടെയും നിന്നില്ല.യൂത്ത് കോൺഗ്രസിന്റെ വയനാട് പുനരധിവാസ വീടുകളെ ചൊല്ലി വിവാദങ്ങൾ കൊടുമ്പിരി കൊണ്ടു.സംസ്ഥാന പ്രസിഡണ്ടായ ഒ ജെ ജനീഷിനെതിരേയും ആരോപണങ്ങളുടെ കുന്തമുന മറു രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ചു.അതൊന്നും പക്ഷേ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിന് ജിനീഷിന് തടസ്സമായിരുന്നില്ല .ഇടതു കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊടുങ്ങല്ലൂരിൽ നിലവിലെ എംഎൽഎ വി ആർ സുനിൽകുമാറിനെ അട്ടിമറിച്ച് മിന്നുന്ന വിജയം. പക്ഷേ മന്ത്രിസ്ഥാനം അപ്രതീക്ഷിതം.
കുഴൂർ ഗവൺമെന്റ് ഹൈസ്കൂളിലും പുത്തൻവേലിക്കര വി.സി.എസ്.എച്ച്.എസ്.എസ്-ലുമായാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. പെരുമ്പാവൂർ ഗവൺമെന്റ് പോളിടെക്നിക്കിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും തുടർന്ന് തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് ബിബിഎ എൽ.എൽ.ബി ബിരുദവും കരസ്ഥമാക്കി. ചെറുപ്പത്തിലെ അച്ഛനെ നഷ്ടപ്പെട്ട ജനീഷ് സെക്യൂരിറ്റി ജോലി വരെ ചെയ്താണ് കുടുംബം പുലർത്തിയത്. ഒപ്പം അമ്മ തൊഴിലുറപ്പ് ജോലി ചെയ്തു കിട്ടുന്ന വരുമാനവും ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. രാഹുൽ മാങ്കൂട്ടത്തിൽ ആരോപണത്തെ തുടർന്ന് രാജിവച്ച ഒഴിവിലേക്ക് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായുള്ള ജനീഷിന്റെ കടന്നുവരവ് അപ്രതീക്ഷിതം. ജനരൻജൻ പുഷ്പ ദമ്പതികളുടെ മൂത്ത മകനാണ്. അഭിഭാഷകയായ ശ്രീലക്ഷ്മിയാണ് ജനീഷിന്റെ ഭാര്യ. ധനേഷ് ഏക സഹോദരനാണ്.
