’35 സീറ്റുമായി പിണറായി വിജയൻ വരില്ലല്ലോ, അതുകൊണ്ടാണ് കെസിക്കായി ഫ്ലക്സ് വെച്ചത്’; വാടാനപ്പള്ളിയിലെ സിപിഐഎം നേതാവ്

news image
May 11, 2026, 9:53 am GMT+0000 payyolionline.in

തൃശൂർ: കോൺഗ്രസിലൊരു പ്രശ്‌നമുണ്ടാക്കാൻ വേണ്ടിയല്ല ഫ്ലക്‌സ് വെച്ചതെന്നും തനിക്ക് കെ സി വേണുഗോപാലിനോട് താൽപര്യം തോന്നിയതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും സേവ് കോൺഗ്രസ്സിന്റെ പേരിൽ വാടാനപ്പള്ളിയിൽ ഫ്ലക്‌സ് വെച്ച സിപിഐഎം നേതാവ്.

തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ തന്റെ പാർട്ടിക്കൊരു ബന്ധവുമില്ലെന്നും വാടാനപ്പള്ളി ലോക്കൽ കമ്മറ്റി അംഗവും പട്ടിലങ്ങാടി ബ്ലോക്ക്‌ മെമ്പറുടെ ഭർത്താവുമായ മുഹമ്മദ് അരവശ്ശേരി റിപ്പോർട്ടറിനോട് പ്രതികരിച്ചു. തനിക്കെതിരെ പാർട്ടി നടപടി ഉണ്ടാകും. സിപിഐഎമ്മിൽ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുറത്ത് വന്ന ഓഡിയോ സന്ദേശം തമാശയ്ക്ക് പറഞ്ഞതാണ്. കോൺഗ്രസിൽ പോകാൻ ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രി എല്ലാവരുടേതുമാണ്. പത്ത് വർഷം ഞങ്ങൾ ഭരിച്ചല്ലോ. 35 സീറ്റുമായി പിണറായി വിജയൻ വരില്ലല്ലോ, അതുകൊണ്ടാണ് കെ സി വേണുഗോപാലിനെ പിന്തുണച്ചത്.
മുഖ്യമന്ത്രിയായാൽ താൻ കെ സിക്കൊപ്പം സെൽഫി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രി എല്ലാവരുടേതും കൂടിയാണ്. ഇന്ത്യൻ പൗരനാണല്ലോ. അതുകൊണ്ട് തന്നെ അദ്ദേഹം മുഖ്യമന്ത്രിയായി വന്നാൽ സെൽഫിയെടുക്കും’, മുഹമ്മദ് അരവശ്ശേരി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം രാത്രി 11 മണി നേരത്താണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഫോട്ടോവെച്ച് ‘കെ സി നയിക്കട്ടെ’ എന്നെഴുതിയ ഫ്ലക്സ് ബോർഡ് ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ സിപിഐഎം നേതാവ് സ്ഥാപിച്ചത്.

രാവിലെ അത് ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ സിസിടിവി ചതിച്ചതോടെ നാട്ടുകാരെല്ലാം വിവരമറിഞ്ഞു. തുടർന്ന് യുഡിഎഫ് മണ്ഡലം കമ്മറ്റി പൊലീസിൽ പരാതി നൽകി. വാടാനപ്പള്ളിയിൽ പ്രതിഷേധവും സംഘടിപ്പിച്ചു. ‘സിപിഐഎമ്മിൻറെ ലോക്കൽ – ഏരിയ നേതാക്കളുടെ ബലത്തിലാണ് ഈ കുത്സിത പ്രവൃത്തി’യെന്ന് മണ്ഡലം യുഡിഎഫ് നേതാക്കൾ ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe