മുത്തങ്ങയിൽ വൻ കുഴൽപ്പണ വേട്ട; കാറിലെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച 2.27 കോടി രൂപ പിടിച്ചെടുത്തു

news image
May 6, 2026, 3:57 am GMT+0000 payyolionline.in

ബത്തേരി: മുത്തങ്ങ ചെക്പോസ്റ്റ് വഴി കാറിൽ കടത്താൻ ശ്രമിച്ച 2,27,43,000 രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ പിടിയിൽ. രഹസ്യവിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പണം കണ്ടെടുത്തത്.

മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്പോസ്റ്റിൽ വെച്ചാണ് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചത്. കാറിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന പണം പിടിച്ചെടുത്ത പൊലീസ്, തുടർനടപടികൾക്കായി ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

ബത്തേരി സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായർ, സബ് ഇൻസ്പെക്ടർ പി. ജയപ്രകാശ്, സിവിൽ പൊലീസ് ഓഫിസർമാരായ അനിത്ത്, അനിൽകുമാർ, വിനീഷ, പ്രദീപൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിച്ചെടുത്ത പണം എവിടെനിന്ന് എത്തിച്ചു, ആർക്കുവേണ്ടിയാണ് കൊണ്ടുപോകുന്നത് എന്നിവ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe