കോഴിക്കോട് നഗരത്തിലെ വെസ്റ്റ്ഹില്ലിന് സമീപം പ്രവർത്തിക്കുന്ന ‘ഈറ്റിച്ച്’ എന്ന പ്രസവാനന്തര ശുശ്രൂഷാകേന്ദ്രത്തിൽ ശനിയാഴ്ച രാവിലെ തീപ്പിടിത്തമുണ്ടായി. കനകാലയ ബാങ്കിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിൽ രാവിലെ ഏഴുമണിയോടെയാണ് സംഭവം നടന്നത്. താഴത്തെ നിലയിലെ എയർ കണ്ടീഷണറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
അപകടസമയത്ത് ഏഴ് നവജാതശിശുക്കളും ആറ് അമ്മമാരും ആറ് ജീവനക്കാരും കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും കൃത്യസമയത്ത് എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
തീപ്പിടിത്തത്തെത്തുടർന്ന് കെട്ടിടത്തിനുള്ളിൽ പുക നിറഞ്ഞത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തിയിരുന്നു. കെട്ടിടത്തിന്റെ പുറംഭാഗം പൂർണ്ണമായും ചില്ലുകൾ കൊണ്ട് ആവരണം ചെയ്തതിനാൽ, അഗ്നിരക്ഷാസേനാംഗങ്ങൾ അവ തകർത്താണ് അകത്ത് പ്രവേശിച്ച് തീയണച്ചത്. ബീച്ച്, വെള്ളിമാടുകുന്ന് സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ ബീച്ച് സ്റ്റേഷൻ ഓഫീസർ കെ. അരുണിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.
സ്ഥാപനം മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും ഫയർ എൻ.ഒ.സി ഉൾപ്പെടെയുള്ള രേഖകൾ കൃത്യമാണോ എന്നും അധികൃതർ പരിശോധിച്ചുവരികയാണ്. വിദേശത്തുള്ള പി.കെ. ഖാലിദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. പ്ലാനും മറ്റ് അനുബന്ധ രേഖകളും പരിശോധിച്ച ശേഷം തിങ്കളാഴ്ച സ്ഥാപനത്തിനും കോർപ്പറേഷനും നോട്ടീസ് നൽകുമെന്ന് അഗ്നിരക്ഷാസേന അധികൃതർ അറിയിച്ചു. കെട്ടിടത്തിന്റെ മൊത്തം ഉയരം 15 മീറ്ററിൽ കൂടുതലാണെങ്കിൽ ഫയർ എൻ.ഒ.സി നിർബന്ധമാണെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
