നേമത്ത് കടുത്ത മത്സരമെന്ന് മുന്നണികൾ; 2000 ഭൂരിപക്ഷം പ്രതീക്ഷിച്ച് എൽഡിഎഫ്, 10000 പ്രതീക്ഷിച്ച് ബിജെപി

news image
May 2, 2026, 10:02 am GMT+0000 payyolionline.in

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ കടുത്ത മത്സരമുണ്ടാകുമെന്ന് മുന്നണികൾ. രണ്ടായിരത്തിന് മുകളിൽ മാത്രം ഭൂരിപക്ഷമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. രണ്ടായിരം മുതൽ മുവായിരം വരെ ഭൂരിപക്ഷം കിട്ടുമെന്ന് യുഡിഎഫും പ്രതീക്ഷിക്കുന്നു. എന്നാൽ പതിനായിരത്തിനടുത്ത് ഭൂരിപക്ഷം ലഭിക്കുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം.

യുഡിഎഫ് സ്ഥാനാർത്ഥി ശബരീനാഥ് മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിച്ചെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. എസ്ഡിപിഐ വോട്ട് വിവാദം എൽഡിഎഫ് സ്ഥാനാർത്ഥിയായ വി ശിവൻകുട്ടിക്ക് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്. ബിജെപിയെ പരാജയപ്പെടുത്താൻ മതേതര വോട്ടുകൾ തുണയാകും എന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ.

അതേസമയം, തീരദേശ വോട്ടുകൾ ഇക്കുറി തിരിച്ചടിയാകില്ലെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു. കോർപ്പറേഷനിൽ കിട്ടിയ ആറായിരത്തിലേറെ ഭൂരിപക്ഷത്തിൽ പ്രതീക്ഷവെച്ചാണ് ബിജെപി നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. നാടാർ വോട്ടുകൾ തിരിച്ചുവരുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. അവസാന ബൂത്ത് എണ്ണുംവരെയും സസ്‌പെൻസ് പ്രതീക്ഷിക്കുകയാണ് മുന്നണികൾ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ടുദിവസം മാത്രമാണ് ബാക്കി. മെയ് നാലിനാണ് വോട്ടെണ്ണൽ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe