കോഴിക്കോട് യുവാവിന് പാമ്പുകടിയേറ്റു; കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ പിടികൂടി

news image
Apr 27, 2026, 4:21 am GMT+0000 payyolionline.in

കോഴിക്കോട്: സംസ്ഥാനത്ത് പാമ്പുകടി കേസുകൾ വർധിക്കുന്നതിനിടെ കോഴിക്കോട് പൂനൂർ സ്വദേശിയായ 22 കാരൻ മുഹമ്മദ് അൻസാറിന് പാമ്പുകടിയേറ്റു. നിലവിൽ യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

​ഇതിനിടെ കോഴിക്കോട് കുറ്റ്യാടിയിൽ ഒരു വീടിനുള്ളിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ ഭീതിയിലാഴ്ത്തി. കുറ്റ്യാടി മീത്തൽ സ്വദേശി രമേശിൻ്റെ വീട്ടിലാണ് പാമ്പുകളെ കണ്ടത്. കുട്ടികൾ ഉറങ്ങിക്കിടന്ന കിടക്കയിൽ അതീവ വിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടതാണ് ആദ്യം ഞെട്ടലുണ്ടാക്കിയത്. തുടർന്ന് വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ മറ്റു മുറികളിൽ നിന്നുമായി നാല് പാമ്പുകളെ കൂടി കണ്ടെത്തുകയായിരുന്നു.

​സംസ്ഥാനത്തെ പാമ്പുകടി കേസുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്ഥിതി അതീവ ഗൗരവകരമാണെന്ന് വ്യക്തമാകുന്നു. ഇന്നലെ മാത്രം 108 ആംബുലൻസ് സർവീസുകൾ വഴി 23 പാമ്പുകടി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത്. കൊല്ലം, പത്തനംതിട്ട, എറണാകുളം, പാലക്കാട് ജില്ലകളിലും പാമ്പുകടി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ പരിസര ശുചിത്വം പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe