ഡെങ്കിപ്പനി: പയ്യോളിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതം; ‘ഉറവിടം തേടി’ ക്യാമ്പയിൻ ആരംഭിച്ചു

news image
Apr 24, 2026, 3:35 pm GMT+0000 payyolionline.in

പയ്യോളി: നഗരസഭയിലെ 32-ാം ഡിവിഷനിൽ ഉൾപ്പെട്ട ആവിത്താരേമ്മൽ പ്രദേശത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഊർജ്ജിത പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൊതുകുകളുടെ ഉറവിട നശീകരണവും ബോധവൽക്കരണവുമാണ് പ്രധാനമായും നടക്കുന്നത്. കൗൺസിലർ ബീന കെ.കെ, ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പ്രദേശത്തെ 101 വീടുകളിൽ ആരോഗ്യപ്രവർത്തകർ നേരിട്ടെത്തി സർവ്വേ നടത്തി. ഇതിൽ 23 വീടുകളിലും കൊതുകു കൂത്താടികൾ പെരുകുന്ന സാഹചര്യം കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. “ഉറവിടം തേടി” ക്യാമ്പയിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരും. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ. സാദത്ത്, ടി.കെ. ആതിര, കെ.ടി. നസ്രിൻ, ജെ.പി.എച്ച്.എൻ പി.എസ്. തീഷ്മ, എം.എൽ.എസ്.പിമാരായ വി.എം. മേഘ, വി.പി. നീതുകൃഷ്ണ എന്നിവരും ആശാ പ്രവർത്തകരും സംഘത്തിലുണ്ടായിരുന്നു.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകുന്ന സാഹചര്യം ഒഴിവാക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മെഡിക്കൽ ഓഫീസർ ഡോ. എസ്. സുനിത അറിയിച്ചു. പനി ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ആരോഗ്യകേന്ദ്രങ്ങളെ സമീപിക്കണമെന്നും നിർദ്ദേശമുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe