വേനൽ കടുക്കുന്നു; മാളം വിട്ടിറങ്ങി പാമ്പുകൾ, ജാഗ്രതാ നിർദ്ദേശവുമായി വനംവകുപ്പ്

news image
Apr 24, 2026, 6:04 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനവാസ മേഖലകളിൽ പാമ്പുകളുടെ സാന്നിധ്യം കൂടുന്നതിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി വനംവകുപ്പ്. പാമ്പുകടിയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രത്യേക കർമ്മ പദ്ധതി ആവിഷ്കരിച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് അറിയിച്ചു.

കഠിനമായ ചൂട് കാരണം പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന സമയമാണിത്. കൂടാതെ പാമ്പുകളുടെ മുട്ട വിരിയുന്ന കാലം കൂടിയായതിനാൽ പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണം. വീടിന്റെ പരിസരത്തുള്ള മാളങ്ങൾ, ചുവരിലെ വിള്ളലുകൾ, പൊന്തക്കാടുകൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഭക്ഷ്യാവശിഷ്ടങ്ങൾ അലക്ഷ്യമായി തള്ളുന്നത് എലികൾ വരാനും അവയെ തേടി പാമ്പുകൾ വീടിനുള്ളിൽ പ്രവേശിക്കാനും കാരണമാകും. അതിനാൽ പരിസര ശുചിത്വം ഉറപ്പാക്കണം. കുട്ടികൾ വെളിയിൽ കളിക്കുമ്പോഴും രാത്രികാലങ്ങളിൽ പുറത്തിറങ്ങുമ്പോഴും പ്രത്യേക ജാഗ്രത വേണം.

പാമ്പുകളെ കണ്ടാൽ അവയെ ഉപദ്രവിക്കാതെ സുരക്ഷിതമായി മാറ്റുന്നതിനായി വനംവകുപ്പ് പരിശീലനം നൽകിയ 3600-ഓളം ‘സർപ്പ’ (SARPA) വോളന്റിയർമാരുടെ സേവനം സംസ്ഥാനത്തുടനീളം ലഭ്യമാണ്. പാമ്പുകളെ പിടികൂടാൻ ഇവരുടെ സഹായം തേടാവുന്നതാണ്. എല്ലാ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും വനംവകുപ്പ് തീരുമാനിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe