കോഴിക്കോട്: കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് ബസ് ഡ്രൈവറെ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് ഫറോക്കിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി. ന്യൂ സ്റ്റാർ ബസ് ഡ്രൈവർ അർഷാദിനാണ് മർദനമേറ്റത്. പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. നാലംഗ സംഘമാണ് അർഷാദിനെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ചും പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടുമാണ് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചത്. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് തൊഴിലാളികൾ. മിന്നൽ പണിമുടക്ക് ഈ റൂട്ടിലെ യാത്രക്കാരെ ഏറെ വലച്ചു. കസബ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
