വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലും ചോർച്ചയും; നിർമ്മാണത്തിൽ ആശങ്കയുമായി ദുരന്തബാധിതർ

news image
Apr 17, 2026, 5:25 am GMT+0000 payyolionline.in

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലും ചോർച്ചയും കണ്ടെത്തി. നിർമ്മാണം അവസാനഘട്ടത്തിലെത്തിയ വീടുകളിലാണ് ഗുണനിലവാരമില്ലാത്ത നിർമ്മാണത്തെക്കുറിച്ചുള്ള പരാതികൾ ഉയർന്നത്. ആദ്യഘട്ടത്തിൽ കൈമാറാൻ നിശ്ചയിച്ചിരുന്ന 178 വീടുകളിൽ രണ്ടെണ്ണത്തിന് വിള്ളൽ വീഴുകയും മഴ പെയ്തപ്പോൾ മേൽക്കൂരയിലൂടെ വെള്ളം ചോരുകയും ചെയ്തു.

താക്കോൽ കൈമാറ്റം കഴിഞ്ഞെങ്കിലും പല വീടുകളും താമസയോഗ്യമല്ലെന്നാണ് ദുരന്തബാധിതരുടെ വിമർശനം. തനിക്ക് ലഭിച്ച വീടിന്റെ മേൽക്കൂരയിൽ വിള്ളലുണ്ടെന്നും മഴ പെയ്തപ്പോൾ അകത്ത് വെള്ളം കയറിയെന്നും ചൂരൽമല സ്വദേശി നൗഫൽ പറഞ്ഞു. ഇതോടെ ഈ മാസവും ടൗൺഷിപ്പ് താമസയോഗ്യമാകില്ലെന്ന നിരാശയിലാണ് കുടുംബങ്ങൾ.

പ്രശ്നം ഗൗരവമായതോടെ ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചു. നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റി അധികൃതർ യോഗത്തിൽ പങ്കെടുക്കും. അടുത്ത മാസം 20-ഓടെ പണികൾ പൂർത്തിയാക്കുമെന്നാണ് ഊരാളുങ്കൽ അറിയിച്ചിരിക്കുന്നത്. ചോർച്ചയും വിള്ളലും കണ്ടെത്തിയ ഇടങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുമെന്നും ഗുണനിലവാര പരിശോധനകൾ നടക്കുന്നതിനാലാണ് കാലതാമസമെന്നും അധികൃതർ വിശദീകരിച്ചു. പണികൾ തീർക്കാൻ മൂന്നാഴ്ച കൂടി സമയം നീട്ടി ചോദിക്കാനും സൊസൈറ്റി തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ദുരന്തബാധിതരുടെ ഈ മാസത്തെ ദിനബത്തയും ഭക്ഷ്യ കൂപ്പണും മുടങ്ങിയത് പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കി. മാർച്ച് ഒന്നിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന്റെ ഉദ്ഘാടനവും പട്ടയവിതരണവും നിർവഹിച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും സുരക്ഷിതമായ വീട്ടിലേക്ക് മാറാൻ കഴിയാത്തത് ദുരന്തബാധിതരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe