‘സോഷ്യൽ മീഡിയ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്, ഇപ്പോഴത്തെ ചർച്ചകൾ വേദനാജനകം’; കോൺഗ്രസ് നേതാക്കൾ

news image
Apr 14, 2026, 2:37 pm GMT+0000 payyolionline.in

കൊച്ചി: സമൂഹമാധ്യമങ്ങളിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ. ഇപ്പോഴത്തെ ചർച്ചകൾ വേദനാജനകമാണെന്ന് ബെന്നി ബെഹ്‌നാൻ എംപി പറഞ്ഞു. നേതൃത്വത്തിന്റെ തീരുമാനം വരുംവരെ കാത്തിരിക്കുകയാണ് വേണ്ടതെന്നും ഇപ്പോഴത്തെ പ്രചാരണം യുഡിഎഫ് പ്രവർത്തകർക്ക് വേദനയുണ്ടാക്കുമെന്നും ബെന്നി ബെഹ്‌നാൻ വ്യക്തമാക്കി. സോഷ്യൽ മീഡിയ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും കോൺഗ്രസ് നേതൃത്വം ഇത്തരം പ്രചാരണങ്ങളെ തളളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.

‘ഇത്തരം സോഷ്യൽ മീഡിയാ പ്രചാരണങ്ങൾ വരാനിരിക്കുന്ന വിജയത്തിന്റെ ശോഭ കെടുത്തും. മറ്റൊരു പാർട്ടിയിലും ഈ ചർച്ച ഇല്ലല്ലോ. കോൺഗ്രസ് നേതാക്കളുടെ പിന്തുണ ഇത്തരം പ്രചാരണങ്ങൾക്കില്ല. സോഷ്യൽ മീഡിയ മാന്യത പാലിക്കണം. ഹൈജാക്ക് ചെയ്യാൻ സോഷ്യൽ മീഡിയയെ അനുവദിക്കരുത്. കെ സി ജോസഫിനെപ്പോലെ മുതിർന്ന നേതാവിന്റെ ആഹ്വാനത്തിന് വലിയ പ്രസക്തി കിട്ടിയില്ല’-ബെന്നി ബെഹ്‌നാൻ പറഞ്ഞു.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്ന് കെ മുരളീധരനും അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളല്ലെന്നും ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും മുരളീധരൻ പറഞ്ഞു. നാട്ടികയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ സുനിൽ ലാലൂർ ഫേസ്ബുക്ക് പോസ്റ്റിടരുതായിരുന്നെന്നും പാർട്ടി വേദികളിൽ പറയേണ്ടത് ഫേസ്ബുക്കിലല്ല പറയേണ്ടതെന്നും മുരളീധരൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe