കൊല്ലം കടയ്ക്കലിൽ യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

news image
Apr 4, 2026, 4:27 pm GMT+0000 payyolionline.in

കൊല്ലം: കടയ്ക്കലിൽ യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കടക്കൽ വയല ശരത് ഭവനിൽ ശരത്താണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ നിരവധി വെട്ടുകളും കുത്തുകളുമേറ്റു. ബാറിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് കൊലപാതകം എന്നാണ് പൊലീസ് നൽകുന്ന വിവരം.
വയല സ്വദേശിയായ ശരത്ത് കടയ്ക്കൽ അഞ്ചുമുക്കിൽ ഭാര്യയുടെ വീട്ടിലാണ് താമസം. ഇന്ന് കടയ്ക്കലിലെ ബാറിലെത്തിയ ശരത്ത് മദ്യപിക്കുകയും അവിടെ മദ്യപിക്കാനെത്തിയ രാഹുൽ എന്ന യുവാവുമായി തർക്കത്തിലേർപ്പെടുകയും ചെയ്തു. ബാർ ജീവനക്കാർ ഇടപെടുകയും ഇരുവരെയും പറഞ്ഞുവിടുകയും ചെയ്തു.

ബാറിൽ നിന്ന് ഇറങ്ങിയ ശരത്തിനെ ഓട്ടോറിക്ഷയിൽ നാലംഗസംഘം പിന്തുടർന്നെത്തി. പന്തളംമുക്കിൽവെച്ച് കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ശരത്തിനെ സംഘം വെട്ടുകയും കുത്തുകയുമായിരുന്നു. വെട്ടേറ്റ ശരത്ത് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. പിന്തുടർന്ന് എത്തിയ സംഘം ശരത്തിനെ ദേഹമാസകലം വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ് കിടന്നിരുന്ന ശരത്തിനെ നാട്ടുകാർ ചേർന്ന് ആദ്യം കടയ്ക്കലിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഈ സമയം ശരത്ത് മരിച്ചിരുന്നു. സംഭവത്തിൽ പ്രതികൾക്കായി കടയ്ക്കൽ പൊലീസ് അന്വേഷമം വ്യാപിപ്പിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe