തുറയൂർ: മുണ്ടാളിത്താഴ ഭഗവതി ക്ഷേത്രത്തിലെ ഇളനീർ എഴുന്നള്ളത്ത് മഹോത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ തുടക്കമായി. ക്ഷേത്രം തന്ത്രി എളപ്പില ഇല്ലത്ത് ശ്രീകുമാരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കൊടിയേറ്റത്തിന് ശേഷം ദീപാലങ്കാരവും സർപ്പബലിയും നടന്നു. മാർച്ച് 27 മുതൽ ഏപ്രിൽ 02 വരെയാണ് ഈ വർഷത്തെ ഉത്സവ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
ക്ഷേത്ര ചടങ്ങുകൾക്കൊപ്പം വിവിധങ്ങളായ കലാ-സാംസ്കാരിക പരിപാടികളും ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറും. മാർച്ച് 28 ശനിയാഴ്ച രാത്രി കൈകൊട്ടിക്കളിയും തിരുവാതിരയും, 29 ഞായറാഴ്ച രാത്രി ഗ്രാമോത്സവവും നടക്കും. മാർച്ച് 30 തിങ്കളാഴ്ച രാവിലെ മെഡിക്കൽ ക്യാമ്പും രാത്രി സപ്തസ്വര വടകര അവതരിപ്പിക്കുന്ന നൃത്തവിരുന്നും ഉണ്ടായിരിക്കും. മാർച്ച് 31 ചൊവ്വാഴ്ച രാത്രി റെഡ് ബാൻഡ് കാലിക്കറ്റ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റും നടക്കും.
ഭക്തർക്കായി മാർച്ച് 30-ന് സമൂഹസദ്യയും 28, 29, 31 തീയതികളിൽ അന്നദാനവും ഒരുക്കിയിട്ടുണ്ട്. ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർ മുറി ഏപ്രിൽ ഒന്ന് ബുധനാഴ്ച രാവിലെ ആരംഭിക്കും. വൈകുന്നേരം താലപ്പൊലിയുടെ അകമ്പടിയോടെ കിഴക്കാനത്ത് നിന്നും മുകൾ ദേശത്ത് നിന്നുമുള്ള ആഘോഷ വരവുകൾ ക്ഷേത്രത്തിലെത്തും. രാത്രി ഇടിഞ്ഞകടവ് പാറപ്പൊത്തിൽ നിന്നുള്ള ഇളനീർ വരവും ചെറിയ പറമ്പത്ത് നിന്നുള്ള തിടമ്പെഴുന്നള്ളത്തും ക്ഷേത്ര സന്നിധിയിൽ എത്തിയ ശേഷം കരിമരുന്ന് പ്രയോഗവും നടക്കും.
ഏപ്രിൽ 02 വ്യാഴാഴ്ച ഉച്ചയോടെ ക്ഷേത്രത്തിലെ ചടങ്ങുകൾ സമാപിക്കും. തുടർന്ന് പൂജകൾക്ക് ശേഷം കൊല്ലം ശ്രീ പിഷാരികാവിലേക്കുള്ള ഇളനീർ എഴുന്നള്ളത്ത് ക്ഷേത്രനടയിൽ നിന്നും പുറപ്പെടുന്നതോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും
