കോഴിക്കോട്: ദേശീയപാത 66-ൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്കായി ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്നസില്ലെന്ന് പരാതി. സംഭവത്തിൽ മന്ത്രിയുൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു ആർ.ടി.ഒ എൻഫോഴ്സ്മെന്റിന് പരാതി നൽകി.
പ്രധാനമന്ത്രി നിർവഹിച്ച എൻ.എച്ച് 66 ഉദ്ഘാടന ചടങ്ങിൽ തന്നെ അവഗണിച്ചു എന്നാരോപിച്ച് രാമനാട്ടുകര-വെങ്ങളം റീച്ചിലാണ് മന്ത്രി റോഡ് ഷോ നടത്തിയത്. ഇതിനായി ഉപയോഗിച്ച കെ.എൽ 01 9069 നമ്പറിലുള്ള തുറന്ന വാഹനത്തിന് ഫിറ്റ്നസ് ഇല്ലെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ ദേശീയപാതയിൽ ഇത്തരം നിയമലംഘനം നടത്തിയത് കുറ്റകരമാണെന്നും പരാതിയിൽ പറയുന്നു.
ഫിറ്റ്നസ് ഇല്ലാത്ത വാഹനം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയുന്ന മന്ത്രി തന്നെ ഇത്തരത്തിൽ യാത്ര നടത്തിയത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അഡ്വ. പ്രകാശ് ബാബു ആരോപിച്ചു. നിയമലംഘനം നടത്തിയ വാഹനം ഉടൻ കസ്റ്റഡിയിലെടുക്കണമെന്നും മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നുമാണ് ആവശ്യം.
